ക്രിപ്‌റ്റോ സമ്പാദ്യമുണ്ടെന്ന് വെളിപ്പെടുത്തി ടിം കുക്ക്

ക്രിപ്‌റ്റോ കറൻസിയിൽ മുതൽമുടക്കാൻ ആപ്പിളിന് താൽപര്യമില്ല, കമ്പനിക്ക് വേറെ കാര്യങ്ങളുണ്ടെന്നും സി.ഇ.ഒ 

വ്യക്തിപരമായ സമ്പാദ്യത്തിൽ ക്രിപ്‌റ്റോ കറൻസികളുണ്ടെന്ന് വെളിപ്പെടുത്തി ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. പോർട്‌ഫോളിയോയിൽ ക്രിപ്‌റ്റോ കറൻസികളുണ്ടെങ്കിലും ക്രിപ്‌റ്റോ ക്ലബിൽ ചേരാൻ ആപ്പിൾ കമ്പനിക്ക് താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. 
നിക്ഷേപത്തിന്റെ വൈവിധ്യവൽക്കരണത്തിൽ ക്രിപ്‌റ്റോ കൂടി ഉൾപ്പെടുത്തുന്നത് യുക്തിസഹമാണെന്ന് ന്യൂയോർക്ക് ടൈംസിന്റെ ഡീൽബുക്ക് ഓൺലൈൻ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ നിക്ഷേപം സംബന്ധിച്ച് ഉപദേശം നൽകുകയല്ല താനെന്നും ടിം കുക്ക് കൂട്ടിച്ചേർത്തു. 
അടുത്ത കാലത്താണ് ക്രിപ്‌റ്റോ കറൻസിയിൽ താൽപര്യം തോന്നിയതെന്നും തുടർന്ന് സ്വന്തമായി ഗവേഷണം നടത്തിയെന്നും കുക്ക് പറഞ്ഞൂ. എന്നാൽ ആപ്പിൾ കമ്പനിയുടെ പക്കൽ ക്രിപ്‌റ്റോ കറൻസിയില്ലെന്നും നിക്ഷേപത്തിനു പരിപാടിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആപ്പിളിനെ സംബന്ധിച്ചിടത്തോളം പരിഗണിക്കേണ്ട മറ്റു പല കാര്യങ്ങളുമുണ്ട് -അദ്ദേഹം പറഞ്ഞു.
മൈക്രോ സ്ട്രാറ്റജി എന്ന കമ്പനി 425 ദശലക്ഷം ഡോളർ ബിറ്റ് കോയിനിൽ നിക്ഷേപിച്ചതായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ കമ്പനിക്ക് 114,042 ബി.ടി.സി ഉണ്ടെന്നാണ് ബൈ ബിറ്റ്‌കോയിൻ നൽകുന്ന കണക്ക്. ടെസ്‌ല, സ്‌ക്വയർ തുടങ്ങിയ കമ്പനികളും തങ്ങൾക്ക് ക്രിപ്‌റ്റോ കറൻസി നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇലക്ട്രിക് കാർ വിൽപനയിൽ ബിറ്റ് കോയിൻ സ്വീകരിക്കുന്നത് പുനരാരംഭിക്കുമെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീഫ് ഓഫീസർ ഇലോൺ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. 
 

Latest News