Sorry, you need to enable JavaScript to visit this website.

സൗദിയിലുള്ളവര്‍ ശ്രദ്ധിക്കുക, ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ പേരില്‍ തട്ടിപ്പ്,ജാഗ്രത വേണമെന്ന് മന്ത്രാലയം

റിയാദ് - ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് വിശദമായ അന്വേഷണത്തിനും നിയമാനുസൃത നടപടികള്‍ക്കും വേണ്ടി സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
 ഇന്‍സ്റ്റഗ്രാമിലെ വ്യാജ അക്കൗണ്ടു വഴി ഉപയോക്താക്കളെ കബളിപ്പിച്ച് ഒരു ലക്ഷത്തിലേറെ റിയാല്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വില്‍പന നടത്തുന്ന  വന്‍കിട ഓണ്‍ലൈന്‍ സ്റ്റോര്‍ കമ്പനിയുടെ വ്യാജ എംബ്ലവും വിവരങ്ങളും ഉപയോഗിച്ചാണ്  ഉപയോക്താക്കളെ കബളിപ്പിച്ചത്.

 വന്‍കിട കമ്പനിയുടെ പേരിലുള്ള അക്കൗണ്ടിനെതിരെ ഉപയോക്താക്കളില്‍ നിന്ന് വാണിജ്യ മന്ത്രാലയത്തിന് 66 പരാതികള്‍ ലഭിക്കുകയായിരുന്നു. ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കമ്പനി കൈമാറുന്നില്ല എന്നായിരുന്നു പരാതികള്‍.

തുടര്‍ന്ന് മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ പ്രശസ്തമായ ഓണ്‍ലൈന്‍ സ്റ്റോറിന്റെ എംബ്ലവും പേരുവിവരങ്ങളും വ്യാജമായി ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനു പിന്നിലുള്ളവര്‍ തട്ടിപ്പ് നടത്തുകയായിരുന്നെന്ന് വ്യക്തമായി.

തവണ വ്യവസ്ഥയില്‍ മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വില്‍പന നടത്തുമെന്ന് പരസ്യപ്പെടുത്തിയാണ് വ്യാജ അക്കൗണ്ട് തട്ടിപ്പുകള്‍ നടത്തിയത്. ആദ്യ ഗഢു പണം കൈപ്പറ്റിയ ശേഷം മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കൈമാറാതെ കളിപ്പിക്കുന്ന വ്യാജ അക്കൗണ്ട് പിന്നീട് ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.

കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുള്ളതോ, വാണിജ്യ മന്ത്രാലയത്തിന്റെ മഅ്‌റൂഫ് സേവനത്തില്‍ രജിസ്റ്റര്‍ ചെയ്തതോ ആയ അറിയപ്പെടുന്നതും വിശ്വാസയോഗ്യവുമായ ഓണ്‍ലൈന്‍ സ്റ്റോറുകളുമായി മാത്രം ഇടപാടുകള്‍ നടത്തണമെന്ന് ഉപയോക്താക്കളോട് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ സ്റ്റോറുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മഅ്‌റൂഫ് പ്ലാറ്റ്‌ഫോം വഴിയോ 1900 എന്ന നമ്പറില്‍ കംപ്ലയിന്റ്‌സ് സെന്ററില്‍ ബന്ധപ്പെട്ടോ ഉപയോക്താക്കള്‍ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News