പട്‌ന- സ്വഛ്ഭാരതിനെ കുറിച്ചും സാമ്പത്തിക സഹായങ്ങളെ കുറിച്ചും ഏറെ പ്രചാരണമുണ്ടെങ്കിലും ബീഹാറില്‍ ഒരു സ്ത്രീക്ക് ശൗചാലയം നിര്‍മിക്കാന്‍ യാചിച്ച് നേടിയ പണം വേണ്ടിവന്നു. പ്രളയങ്ങളിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുള്ള കോശി മേഖലയിലെ പത്ര ഉട്ടാര്‍ ഗ്രാമത്തിലെ ആമിന ഖാത്തൂനാണ് എവിടെനിന്നും സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ശൗചാലയം നിര്‍മിക്കാനുള്ള പണം കണ്ടെത്താന്‍ യാചനയിലേര്‍പ്പെട്ടത്. അയല്‍ ഗ്രാമങ്ങളിലൊക്കെ പോയി യാചിച്ച് ശൗചാലയം പൂര്‍ത്തിയാക്കിയശേഷം ഇപ്പോള്‍ പ്രശംസിക്കാന്‍ ധാരാളം പേര്‍ രംഗത്തുണ്ട്.
ശൗചാലയം നിര്‍മിച്ചവരില്‍ ഒരു കല്‍പണിക്കാരനും ഒരു തൊഴിലാളിയും കൂലി വാങ്ങാന്‍ വിസമ്മതിച്ചുവെന്ന് ആമിന പറയുന്നു. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയില്‍ ആമിനയുടെ അസാധാരണ ശ്രമത്തെ എല്ലാവരും പ്രകീര്‍ത്തിച്ചു.
ചെറിയ മകനുള്ള ആമിന 45 വയസ്സായ വിധവയാണ്. കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.
സ്വഛ്ഭാരത് അഭിയാന്‍ പ്രചാരണം കൊഴുപ്പിക്കുന്ന അധികൃതര്‍ പാവങ്ങളുടെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ അനുഭവസാക്ഷ്യം കൂടിയാണ് ആമിനയുടെ ശൗചാലയം. ടോയ്‌ലെറ്റ് നിര്‍മിക്കുന്നതിന് സഹായം തേടി ബ്ലോക്ക് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്ന് ആമിന പറയുന്നു.
രാജ്യത്ത് തുറന്ന സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്ന സംസ്ഥാനങ്ങളില്‍ മുന്നിലാണ് ബീഹാര്‍. ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും പ്രാഥമിക കൃത്യങ്ങള്‍ക്കായി തുറന്ന സ്ഥലങ്ങള്‍ ആശ്രയിക്കുന്നു. തുറന്ന സ്ഥലം ഉപയോഗിക്കാത്ത ഒറ്റ ജില്ലപോലും സംസ്ഥാനത്ത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്വഛ്ഭാരത് ഗ്രാമീണ മിഷന്റെ കീഴില്‍ 2019 ഒക്‌ടോബര്‍ രണ്ടിന് അങ്ങനെയൊരു ലക്ഷ്യം കൈവരിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.






