ന്യൂദല്‍ഹി- ഇന്ത്യയിലെ ഹിന്ദുത്വ ഗ്രൂപ്പുകളെ ഐ.എസുമായും ബോകോ ഹറാമുമായും താരതമ്യം ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ ദല്‍ഹിയിലെ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ പോലീസില്‍ പരാതി നല്‍കി.
അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്തകത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വിവാദ പരമാര്‍ശം. ഹിന്ദുത്വത്തെ ഭീകര ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തിയെന്നാണ് ആരോപണം.
അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി, മുസ്ലീം വോട്ടുകള്‍ നേടുന്നതിനായി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പിയും കോണ്‍ഗ്രസിനെതിരെ രംഗത്തുണ്ട്. ഹിന്ദുക്കളോട് ആദരവുണ്ടെങ്കില്‍ സല്‍മാന്‍ ഖുര്‍ഷിദിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും പരാമര്‍ശത്തെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിശദീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
സനാതന ധര്‍മവും സന്യാസിമാരും ക്ലാസിക്കല്‍ ഹിന്ദുമതവും ഹിന്ദുത്വത്തിന്റെ പുതിയ പതിപ്പ് തള്ളിക്കളഞ്ഞതാണെന്നും സമീപ കാലത്തെ ഭീകര ഗ്രൂപ്പുകളായ ഐസിസ്, ബോക്കോ ഹറാം തുടങ്ങവയുട ജിഹാദിസ്റ്റ് ഇസ്ലാമിന് സമാനമാണ് ഹിന്ദുത്വ പതിപ്പാണെന്നുമാണ് സല്‍മാന്‍ ഖുര്‍ഷിദ് ''സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ് എന്ന പുതിയ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.
മുസ്ലിം വോട്ട് നേടാന്‍ കാവി ഭീകരതയെന്ന് ഉപയോഗിച്ചുവരുന്ന ഒരു പാര്‍ട്ടിയുടെ നേതാവില്‍നിന്ന് ഇതിലപ്പുറം എന്തു പ്രതീക്ഷിക്കാനാണെന്ന് വിവാദ പാരഗ്രാഫ് ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
രാജ്യത്തെ മതവികാരം വ്രണപ്പെടുത്തുന്നതാണ് പുസ്തകമെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ഹിന്ദുത്വത്തെ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യപ്പെടുത്തി. ഇന്ത്യയില്‍ നിലനിന്നുകൊണ്ട് കോണ്‍ഗ്രസ് എന്തിനാണ് ഇത് ചെയ്യുന്നത്? കോണ്‍ഗ്രസ് ഹിന്ദുക്കള്‍ക്കെതിരെ ചിലന്തിയെപ്പോലെ വല നെയ്യുകയാണ്. ഇതെല്ലാം സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിര്‍ദ്ദേശപ്രകാരമാണ് നടക്കുന്നത്. നേരത്തെ, ഹിന്ദു തീവ്രവാദം കണ്ടുപിടിച്ചത് കോണ്‍ഗ്രസ് ഓഫീസിലാണ്- അദ്ദേഹം പറഞ്ഞു.
ഖുര്‍ഷിദിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും മിണ്ടാതിരുന്നാല്‍ നിങ്ങളുടെ പ്രത്യയശാസ്ത്രം ഹിന്ദുക്കള്‍ക്ക് എതിരാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഓര്‍മിപ്പിച്ചു.
വെറുപ്പിന്റെ രാഷ്ട്രീയം തുടരുന്ന കോണ്‍ഗ്രസിനെ അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പൊതുജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ബി.ജെ.പി വക്താവ് കൂട്ടിച്ചേര്‍ത്തു.
ഖുര്‍ഷിദിന്റെ പരാമര്‍ശം ഹിന്ദു മത അനുയായികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കുന്നതാണെന്ന് അഭിഭാഷകന്‍ നവീന്‍ ജിന്‍ഡാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഹിന്ദുമതം തീവ്രവാദ ഗ്രൂപ്പുകളായ ഐഎസിനും ബോക്കോ ഹറാമിനും തുല്യമാണെന്ന അവകാശവാദം ഹിന്ദു സമൂഹത്തെയാകെ അപമാനിക്കുന്നതും അപകീര്‍ത്തികരവുമാണെന്നും ഒരു സമൂഹത്തിന്റെ മൂല്യങ്ങളെയും സദ്ഗുണങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.