Sorry, you need to enable JavaScript to visit this website.

യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലെന്ന് കങ്കണ; ഭ്രാന്തെന്ന് വരുണ്‍ ഗാന്ധി, ഷെയര്‍ ചെയ്യുന്നവര്‍ വിഡ്ഢികളെന്ന് സ്വര ഭാസ്‌കര്‍

ന്യൂദല്‍ഹി- ഇന്ത്യയ്ക്ക് യഥാര്‍ത്ഥ ആസാദി (സ്വാതന്ത്ര്യം) ലഭിച്ചത് 2014 ലാണെന്ന നടി കങ്കണ റണാവത്തിന്റെ പ്രസ്താവനക്കെതിരെ നിശിത വിമര്‍ശവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ഇതിനെ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. കങ്കണയുടെ വിവാദ അഭിമുഖം പങ്കുവെക്കുന്നവരെല്ലാം വിഡ്ഢികളാണെന്ന് ബോളിവുഡ് നടി സ്വര ഭാസകര്‍ ആരോപിച്ചു.

യാചിച്ചു നേടിയ സ്വാതന്ത്ര്യത്തെ എങ്ങനെ  യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നു വിളിക്കും.  2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്- ഇതാണ്  കങ്കണ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന വരുണ്‍ ഗാന്ധിയുടെ പ്രസ്താവന.

ശഹീദ് മംഗള്‍ പാണ്ഡെ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തോടുള്ള അവഹേളനമെന്ന് കങ്കണയുടെ പ്രസ്താവനെയെന്ന് വരുണ്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

2014ലാണ് റിയല്‍ ആസാദി എന്ന പ്രസ്താവന നടത്തിയതിന് താന്‍ 10 കേസുകള്‍ കൂടി നേരിടേണ്ടിവരുമെന്നും നടി കങ്കണ പറഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ദല്‍ഹിയിലാണെന്നും കേസുകളെല്ലാം മുംബൈയിലാണെന്നും  അഭിമുഖം നടത്തിയ ലേഖകന്‍ പ്രതികരിച്ചു. രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരം അടുത്തിടെ കങ്കണ നേടിയിരുന്നു.

 

Latest News