അഞ്ച് കോടി ആവശ്യപ്പെട്ട് ഫഡ്‌നാവിസിനും ബി.ജെ.പിക്കും നവാബ് മാലിക്കിന്റെ മരുമകന്‍ നോട്ടീസയച്ചു

ന്യൂദല്‍ഹി- മയക്കുമരുന്ന് കൈവശം വെച്ചതായി വെളിപ്പെടുത്തി മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച മുന്‍ മുഖ്യമന്ത്രി  ദേവേന്ദ്ര ഫഡ്‌നാവിസിനും ബി.ജെ.പിക്കും മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാന്‍ വക്കീല്‍ നോട്ടീസയച്ചു. മാനസിക പീഡനത്തിനും സാമ്പത്തിക നഷ്ടത്തിനും അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഈ വര്‍ഷം ആദ്യം സമീര്‍ ഖാന്‍ അറസ്റ്റിലായിരുന്നു.  കേസിന്റെ അന്വേഷണം നടക്കുമ്പോള്‍ സമീര്‍ ഖാന്‍ മയക്കുമരുന്ന് കൈവശം വെച്ചതായി ഫഡ്‌നാവിസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നവാബ് മാലിക്കും മകള്‍ നിലോഫര്‍ മാലിക് ഖാനും ട്വിറ്ററില്‍ പങ്കുവെച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
മയക്കുമരുന്ന് കൈകാര്യം ചെയ്തുവെന്ന കേസില്‍ ജനുവരി 13 നാണ് സമീര്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. പിന്നീട് എട്ടു മാസത്തെ ജയില്‍വാസത്തിനു ശേഷം സെപ്റ്റംബര്‍ 27 ന് നവാബ് മാലിക്കിന്റെ മരുമകന്  ജാമ്യം ലഭിച്ചു.

തെറ്റായ ആരോപണങ്ങള്‍ ജീവിതത്തെ നശിപ്പിക്കുമെന്ന് നിലോഫര്‍ മാലിക് ഖാന്‍ ട്വീറ്റ് ചെയ്തു.  ഒരാള്‍ കുറ്റപ്പെടുത്തുകയോ അപലപിക്കുകയോ ചെയ്യുന്നതിനുമുമ്പ് അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് അറിയണം. ദേവേന്ദ്ര ഫഡ്‌നാവിസ് കുടുംബത്തിനെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമെതിരെയാണ് മാനനഷ്ട നോട്ടീസ്. ഞങ്ങളുടെ കുടുംബം  പിന്നോട്ട് പോകില്ല-നിലഫോര്‍ ഖാന്‍ പറഞ്ഞു.

ആരോപണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതായിരുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ  സമര്‍പ്പിച്ച കുറ്റപത്രം നിങ്ങള്‍ ചുമത്തിയ ഒരു ആരോപണത്തെപ്പോലും പിന്തുണയ്ക്കുന്നില്ല. വീട്ടില്‍ തിരച്ചില്‍ നടത്തിയെന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. വ്യാജവും അടിസ്ഥാനരഹിതവുമായ റിപ്പോര്‍ട്ട് എവിടെനിന്നാണ് നിങ്ങള്‍ക്ക് ലഭിച്ചതെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം- ഫഡ്‌നാവിസിനുള്ള നോട്ടീസില്‍ പറയുന്നു.

മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുന്നതിനിടെയാണ്  വക്കീല്‍ നോട്ടീസ്.

 

Latest News