ഇന്ത്യന്‍ നിര്‍മിത കോവിഡ് ഗുളികയ്ക്ക് ഉടന്‍ അനുമതി ലഭിച്ചേക്കും

ന്യൂദല്‍ഹി- കോവിഡ് ചികിത്സാരംഗത്ത് വഴിത്തിരിവാകുന്ന ഗുളിക രൂപത്തിലുള്ള പുതിയ മരുന്ന് മോല്‍നുപിറവിര്‍ വൈകാതെ ഇന്ത്യയില്‍ ലഭ്യമാകും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ മരുന്നിന് ഏതാനും ദിവസങ്ങള്‍ക്കകം അടിയന്തര ഉപയോഗ അനുമതി ലഭിക്കുമെന്ന് സിഎസ്‌ഐആര്‍ കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ റാം വിശ്വകര്‍മ എന്‍ഡിടിവിയോട് പറഞ്ഞു. കോവിഡ് രൂക്ഷമായി ബാധിക്കാന്‍ സാധ്യതയുള്ള മുതിര്‍ന്നവര്‍ക്ക് ഫലപ്രദമായ മരുന്നാണ് യുഎസ് മരുന്നു കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച ഗുളിക രൂപത്തിലുള്ള ആന്റിവൈറല്‍ മരുന്നായ മോല്‍നുപിറവിര്‍. കോവിഡ് മൂലമുള്ള മരണവും ആശുപത്രിവാസവും ഒഴിവാക്കാന്‍ ഈ മരുന്ന് വലിയ അളവില്‍ സഹായിക്കും. മറ്റൊരു യുഎസ് കമ്പനിയായ ഫൈസറും പാക്‌സ്ലോവിഡ് എന്ന പേരില്‍ സമാന മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. ഈ മരുന്നിന് ഇന്ത്യയില്‍ അനുമതി വൈകുമെന്ന് ഡോ. വിശ്വകര്‍മ പറഞ്ഞു. 

കോവിഡ് വൈറസിന്റെ ശവപ്പെട്ടിയില്‍ ശാസ്ത്രം അടിക്കുന്ന അവസാന ആണി എന്നാണ് ഈ മരുന്നുകളെ ഡോ. വിശ്വകര്‍മ വിശേഷിപ്പിച്ചത്. മോല്‍നുപിറവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് മെര്‍ക്ക് അഞ്ചു മരുന്ന് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. പല കമ്പനികള്‍ക്കും മെര്‍ക്ക് ഈ മരുന്ന് നിര്‍മിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഈ മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ പരിശോധിച്ചു വരികയാണ്. തുടക്കത്തില്‍ ഈ മരുന്നിന് 2000 രൂപ മുതല്‍ 4000 രൂപ വരെ ചെലവ് വരും. പിന്നീട് 500-1000 രൂപയായി കുറയുമെന്നും ഡോ വിശ്വകര്‍മ പറഞ്ഞു.
 

Latest News