Sorry, you need to enable JavaScript to visit this website.

പാതകൾ നവീകരിച്ചും പുതിയ പാതകൾ നിർമിച്ചും റെയിൽ ഗതാഗതം വിപുലമാക്കാനൊരുങ്ങി സൗദി

സൗദിയിൽ നിലവിലുള്ളതും പുതുതായി നടപ്പാക്കാൻ ആലോചിക്കുന്നതുമായ റെയിൽ പാതകൾ വ്യക്തമാക്കുന്ന മാപ്പ്. നീലയും കറുപ്പും നിറങ്ങളിൽ അടയാളപ്പെടുത്തിയതാണ് പുതുതായി നടപ്പാക്കാൻ ആലോചിക്കുന്ന പാതകൾ. പച്ച നിറത്തിലുള്ളത് തെക്കു, വടക്കു പാതയും മഞ്ഞ നിറത്തിലുള്ളത് റിയാദ്-ദമാം പാതയും ചുവപ്പ് നിറത്തിലുള്ളത് ഹറമൈൻ പാതയുമാണ്.

 

റിയാദ് - സൗദിയിൽ റെയിൽ ശൃംഖല വിപുലീകരിക്കാൻ സമഗ്ര പദ്ധതിയുള്ളതായി പൊതുഗതാഗത അതോറിറ്റി വെളിപ്പെടുത്തി. 22 മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ചേർന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട പഠനം തയാറാക്കിയത്. സൗദിയിലെ പ്രധാന നഗരങ്ങൾക്കിടയിൽ യാത്ര എളുപ്പമാക്കാനും ചരക്കു നീക്കം സുഗമമാക്കാനുമാണ് ലക്ഷ്യമിടുന്നത്. സുരക്ഷ ശക്തിപ്പെടുത്താനും വാഹനാപകടങ്ങൾ കുറക്കാനും അനുയോജ്യമായ നിരക്കിലുള്ള സുരക്ഷിതമായ ഗതാഗത സൗകര്യം ലഭ്യമാക്കി ജീവിത ഗുണമേന്മ മെച്ചപ്പെടുത്താനും കാർബൺ ബഹിർഗമനം കുറക്കാനും അന്തരീക്ഷ മലിനീകരണം പരിമിതപ്പെടുത്താനും ഊർജ ഉപയോഗം നിയന്ത്രിക്കാനും റെയിൽ ശൃംഖല സഹായിക്കും. 


സൗദിയിൽ നിലവിലുള്ള റെയിൽ പാതകൾ നവീകരിക്കാനും പുതിയ റെയിൽ പാതകൾ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനും സൗദിയിൽ യാത്രാ സേവനങ്ങളുടെ കാര്യക്ഷമത ഉയർത്താനും ചരക്ക് നീക്കം മെച്ചപ്പെടുത്താനും ലോജിസ്റ്റിക്‌സ് സേവനങ്ങൾ വികസിപ്പിക്കാനും പൊതുഗതാഗത സേവനങ്ങൾക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കാനും ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും പരിസ്ഥിതി മലിനീകരണം പരിമിതപ്പെടുത്താനും ഗതാഗതത മേഖലയിൽ ഊർജ ഉപയോഗം കുറക്കാനും ധനസുസ്ഥിരത ശക്തിപ്പെടുത്താനും സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനുമുള്ള പൊതുഗതാഗത അതോറിറ്റി തന്ത്രവുമായി റെയിൽ ശൃംഖല വിപുലീകരണ പദ്ധതി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. 


2050 വരെയുള്ള കാലത്ത് സൗദിയിൽ റെയിൽ ശൃംഖല വികസിപ്പിക്കുന്നതിലാണ് പദ്ധതി ഊന്നുന്നത്. സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ പാതകൾ നടപ്പാക്കുന്നതിൽ മുൻഗണന നൽകും. ഗതാഗത, ധന, സാമ്പത്തിക-ആസൂത്രണ, മുനിസിപ്പൽ-ഗ്രാമ-പാർപ്പിട, വ്യവസായ മന്ത്രാലയങ്ങളും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്, റിയാദ് റോയൽ കമ്മീഷൻ, മദീന വികസന അതോറിറ്റി, കിഴക്കൻ പ്രവിശ്യ വികസന അതോറിറ്റി, സൗദി റെയിൽവേയ്‌സ് ഓർഗനൈസേഷൻ, അറാംകോ കമ്പനി, സൗദി റെയിൽവേ കമ്പനി, സാപ്റ്റ്‌കോ, സാബിക്, സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസ്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, സൗദി പോർട്‌സ് അതോറിറ്റി, സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, ദേശീയ വ്യവസായ വികസന പ്രോഗ്രാം, ലോജിസ്റ്റിക് സർവീസസ്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, നിയോം എന്നിവ പദ്ധതി തയാറാക്കുന്നതിനുള്ള പഠനത്തിൽ പങ്കാളിത്തം വഹിച്ചു. 


ഗതാഗത മേഖലയിൽ നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സുസ്ഥിര വികസന പദ്ധതിയാണ് റെയിൽ ശൃംഖല വ്യാപിപ്പിക്കാനുള്ള പദ്ധതി. രാജ്യത്തെ ജനസംഖ്യാ വളർച്ചക്ക് അനുസൃതമായി ഗതാഗത മേഖലയിൽ ആവശ്യം വർധിച്ചുവരികയാണ്. ഇതോടൊപ്പം ഗതാഗത മേഖലയിൽ ശ്രദ്ധേയമായ വളർച്ചയുമുണ്ട്. യാത്രകൾക്കും ചരക്കു നീക്കത്തിനും ഒരു രീതി മാത്രം കാര്യമായി ആശ്രയിക്കുന്നത് കാർബൺ ബഹിർഗമനം വർധിക്കാനും റോഡുകളിലെ ഗതാഗത തിരക്കിനും നഗരങ്ങളിൽ അന്തരീക്ഷ വായുവിന്റെ ഗുണമേന്മ കുറയാനും ഇടയാക്കും. മുഴുവൻ ഗതാഗത ശൈലികളും തമ്മിൽ സന്തുലനം സാധ്യമാക്കാനും മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് കേന്ദ്രമായി സൗദി അറേബ്യയെ പരിവർത്തിപ്പിക്കാനും രാജ്യത്തെ എല്ലാ പ്രവിശ്യകളെയും ബന്ധിപ്പിച്ച് ഗതാതത്തിനും ചരക്ക് നീക്കത്തിനും സമഗ്രവും ഫലപ്രദവുമായ റെയിൽ ശൃംഖല നിർമിക്കുന്നതിനെ കുറിച്ച് പഠിക്കേണ്ടത് അനിവാര്യമാണെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു. 


സൗദിയിൽ നിലവിൽ റിയാദ്, സ്വഫ്‌വ, ഹരഥ്, ദമാം നഗരങ്ങളെയെും മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെയും ബന്ധിപ്പിച്ച് റെയിൽ പാതകളുണ്ട്. റിയാദിനെ ഉത്തര സൗദിയുമായി ബന്ധിപ്പിക്കുന്ന തെക്കു, വടക്കു പാതയിൽ റിയാദ്, ബുറൈദ, ഹായിൽ, ഖുറയ്യാത്ത്, അൽഹദീസ, ഹസ്മുൽജലാമീദ്, അൽബുസൈത, അൽസുബൈറ, റാസ് അൽസൂർ, ജുബൈൽ നഗരങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നു. ജിദ്ദയെയും റിയാദിനെയും ബന്ധിപ്പിച്ച് റെയിൽ പാത നിർമിക്കാൻ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഖമീസ് മുഷൈത്തിനെയും തായിഫിനെയും റിയാദ്-ജിദ്ദ പാതയുമായി ബന്ധിപ്പിച്ച് റെയിൽ പാതകൾ നിർമിക്കാനും ദമാമിനെയും ജുബൈലിനെയും ബന്ധിപ്പിച്ച് റെയിൽ പാത നിർമിക്കാനും ജിസാനിൽ നിന്ന് മക്ക, ജിദ്ദ, റാബിഗ് വഴി യാമ്പുവിലേക്ക് റെയിൽ പാത നിർമിക്കാനും ആലോചനകളുണ്ട്. 

 

Latest News