മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി 13 ലേക്ക് മാറ്റി

ന്യൂദല്‍ഹി- മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കില്ല. കേസ് പതിമൂന്നാം തീയതിയിലേക്ക് മാറ്റി.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.05 അടിവരെയാകാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ബേബി ഡാമിന് സമീപം മരംമുറിക്കാന്‍ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചതും. മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. 15 മരങ്ങള്‍ മുറിക്കാനാണ് വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നത്. ഉത്തരവ് സര്‍ക്കാര്‍ നേരത്തെ മരവിപ്പിച്ചിരുന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ഉത്തരവ് റദ്ദാക്കി എല്ലാ വിവാദങ്ങളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

വിവാദ ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയാണ് നടപടി.

 

Latest News