തൃശൂര്‍ - ജേഷ്ഠഭാര്യയെ കമ്പിവടികൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച പ്രതിക്ക് നാലര വര്‍ഷം കഠിനതടവും,
10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തങ്ങാലൂര്‍കോട്ടയില്‍ വീട്ടില്‍ ശങ്കരനാരായണനെ (56)യാണ്
തൃശൂര്‍ രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് വി.ജി.ബിജു ശിക്ഷിച്ചത്. പിഴയടക്കാത്ത
പക്ഷം ആറു മാസം അധികതടവ് അനുഭവിക്കേണ്ടി വരും.
പിഴയടച്ചാല്‍ ആ തുക ആക്രമണത്തിനിരയായ സ്ത്രീയ്ക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
2011 സെപ്റ്റംബര്‍ 28ന് സ്ത്രീയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സഹോദരങ്ങള്‍ വിദേശത്തായിരുന്നതിനാല്‍ പിതൃസ്വത്തിലെ ആദായമെടുത്തിരുന്നത് പ്രതി ശങ്കരനാരായണനായിരുന്നു. വസ്തു ഭാഗം വെച്ച ശേഷം ജേഷ്ഠന് നീക്കിവെച്ചിരുന്ന ഭൂമിയില തെങ്ങില്‍ നിന്നും ഇയാള്‍ ആദായമെടുക്കുന്നത് ജേഷ്ഠഭാര്യ എതിര്‍ത്തിരുന്നു. ഇവിടെ തെങ്ങുകയറാനെത്തിയ ആളെ ഈ സ്ത്രീ തിരിച്ചയക്കുകയും ചെയ്തു. ഇതറിഞ്ഞ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി ജേഷ്ഠഭാര്യയെ ആക്രമിക്കുകയായിരുന്നു. നെറ്റി പൊട്ടുകയും ചുമലയില്‍ അടിയേല്‍ക്കുകയും ചെയ്തു. രക്ഷിക്കാന്‍ വന്ന സ്ത്രീയുടെ മകനെയും അയല്‍ക്കാരെയും ഇയാള്‍ തള്ളിമാറ്റുന്നതിനിടെ മകന്റെ ശ്‌സ്ത്രക്രിയ കഴിഞ്ഞ കാലില്‍ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. വടക്കാഞ്ചേരി പോലീസാണ് കേസില്‍ കുറ്റപത്രം സമര്‍പിച്ചത്.
സബ് ഇന്‍സ്‌പെക്ടറായിരുന്ന പി.പി. ജോയിയും തുടര്‍ന്ന് കെ.ജി. രവീന്ദ്രനുമാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യുഷന്‍ ഭാഗത്തുനിന്നും 18 രേഖകളും, തൊണ്ടി മുതലുകളും ഹാജരാക്കുകയും
18 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.
വിചാരണ സമയത്ത് പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വടക്കാഞ്ചേരി സീനിയര്‍ സിവില്‍ പോലീസ്
ഓഫീസര്‍ ജി.ഡി.സന്ദീപിനെ നിയോഗിച്ചിരുന്നു.
സ്ത്രീകള്‍ക്കുനേരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നിരാലംബയായ ഒരു സ്ത്രീയ്ക്കു നേരെ ആക്രമണം നടത്തിയ പ്രതിക്ക് സമൂഹത്തിന് മാതൃകയാകുന്ന വിധത്തിലുള്ള പരമാവധി ശിക്ഷ
നല്‍കണമെന്ന പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി. തോമസിന്റെ വാദങ്ങള്‍ പരിഗണിച്ചാണ്
കോടതി ശിക്ഷ വിധിച്ചത്.






