മദീന - മദീനയില്‍ മെയിന്‍ റോഡിലെ ഫുട്പാത്തില്‍ വെച്ച് യുവതിയെ ആക്രമിച്ചത് ഭര്‍ത്താവായ സൗദി പൗരന്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞതായി മദീന പ്രവിശ്യ പോലീസ് അറിയിച്ചു.
ഫുട്പാത്തില്‍ വെച്ച് യുവതിയെ അജ്ഞാതന്‍ മര്‍ദിക്കുന്നതിന്റെയും സമീപത്തെ മതിലിലേക്ക് പിടിച്ചുതള്ളുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തുടര്‍ന്ന് സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ദമ്പതികള്‍ക്കിടയിലെ തര്‍ക്കത്തെ തുടര്‍ന്നാണ് സൗദി പൗരന്‍ ഭാര്യയെ റോഡില്‍ വെച്ച് ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മദീന പ്രവിശ്യ പോലീസ് അറിയിച്ചു.






