കൊണ്ടോട്ടി- ഒരാളുടെ വാച്ചിനുള്ളിൽ സ്വർണം കണ്ടെത്തിയതിനെ തുടർന്ന് സഹയാത്രക്കാരുടെ മുഴുവൻ വാച്ചുകളും പരിശോധിച്ച് കരിപ്പൂർ കസ്റ്റംസ് ദുബായ് യാത്രക്കാരെ ദുരിതത്തിലാക്കി.
ഇന്നലെ പുലർച്ചെ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി മുനീർ എന്ന യാത്രക്കാരന്റെ ബാഗിലെ രണ്ട് ലേഡീസ് വാച്ചുകൾക്കുള്ളിൽ നിന്നാണ് 160 ഗ്രാം സ്വർണം കണ്ടെത്തിയത്. വാച്ചുകളുടെ യന്ത്രഭാഗങ്ങളുടെ ഇടയിൽ വളയങ്ങളായാണ് സ്വർണമുണ്ടായിരുന്നത്. നാല് ലക്ഷം രൂപ വില വരും.
മുനീറിൽ നിന്ന് സ്വർണം ലഭിച്ചതോടെ തുടർന്ന് കസ്റ്റംസ് ഈ വിമാനത്തിലെ മുഴുവൻ യാത്രക്കാരുടേയും ബാഗുകളും വാച്ചും കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. പരിശോധനകൾ കഴിഞ്ഞ് രണ്ടര മണിക്കൂറിന് ശേഷമാണ് യാത്രക്കാർക്ക് പുറത്തിറങ്ങാനായത്. പരിശോധന കഴിഞ്ഞതോടെ വാച്ചുകൾ തകരാറിലായതായും ചില യാത്രക്കാർ പരാതിപ്പെട്ടു. ഗൾഫിൽ നിന്നുള്ള വിമാനങ്ങൾ ഒരുമിച്ചെത്തുന്ന സമയമായതിനാൽ കസ്റ്റംസ് ഹാളിൽ യാത്രക്കാരുടെ കനത്ത തിരക്കും അനുഭവപ്പെട്ടു.