ചെന്നൈ- തമിഴ്‌നാട്ടില്‍ കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം എതിര്‍ത്തതിനെ തുടര്‍ന്നാണ് യുവാവ് 22കാരിയായ കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
തമിഴ്‌നാട്ടിലെ താരാമണിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള ബന്ധം എതിര്‍ത്ത വീട്ടുകാര്‍ പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് മിഞ്ചൂര്‍ സ്വദേശിയായ അജിത്ത് കനഗം പ്രദേശത്തെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.
യുവതിയുടെ കഴുത്തറുത്ത ശേഷം പിന്നാലെ മറ്റൊരു മുറിയില്‍ കയറി കതകടച്ച യുവാവ് തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നേരത്തെ ഒരു മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ഷോറൂമില്‍ ഇരുവരും ഒന്നിച്ച് ജോലി ചെയ്തപ്പോഴാണ് പ്രണയത്തിലായത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. ഇതേചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അജിത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് പറയുന്നു. മുറിയില്‍നിന്ന് ബഹളം കേട്ടെത്തിയ വീട്ടുകാര്‍ കൈയില്‍ കത്തിയുമായി നില്‍ക്കുന്ന അജിത്തിനേയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയേയുമാണ് കണ്ടത്.
പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയ ശേഷമാണ് മുറി തുറന്ന് അജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്താണ് പ്രതി കത്തിയുമായി വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.






