കൊച്ചി- മോഡലുകളടക്കം മൂന്നു പേര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വീണ്ടും പരിശോധന. നമ്പര്‍ 18 ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഹോട്ടലിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തിരുന്നുവെങ്കിലും ഇതില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തിയത്.
കാര്‍ അപകടത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ മാറ്റിയെന്ന് പോലീസ് സംശയിക്കുന്നു. ബുധനാഴ്ച നടത്തിയ പരിശോധനയിലും ഡിജെ പാര്‍ട്ടി ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുക്കാനായിട്ടില്ല. ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ അധികൃതരെ പോലീസ് വിശദമായി ചോദ്യംചെയ്യുമെന്നാണ് സൂചന.
ഫോര്‍ട്ട് കൊച്ചി പോലീസ് സ്‌റ്റേഷന് തൊട്ടുമുന്നിലാണ് നമ്പര്‍ 18 ഹോട്ടല്‍. ഒക്ടോബര്‍ 31ന് രാത്രി ഇവിടെ നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അന്‍ജന ഷാജന്‍, ആഷിഖ്, അബ്ദുറഹ്മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അന്‍സി കബീറും അന്‍ജന ഷാജനും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന ആഷിഖ് പിന്നീട് മരിച്ചു. മദ്യപിച്ച് വാഹനം ഓടിച്ച അബ്ദുറഹ്്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.