മോശം കാലാവസ്ഥ; എട്ട് വിമാനങ്ങള്‍ റദ്ദാക്കി

ചെന്നൈ- മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ വിമാനത്താളത്തില്‍ എട്ട് വിമാനങ്ങള്‍ റദ്ദാക്കി. ആഭ്യന്തര,അന്താരാഷ്ട്ര വിമാനങ്ങളാണ് കനത്ത മഴയും ദൂരക്കാഴ്ച ലഭ്യമല്ലാത്തതും മൂലം റദ്ദാക്കിയത്.

ചെന്നൈ വിമാനത്താളത്തില്‍നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളും ഇറങ്ങേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ബുധനാഴ്ച വൈകുന്നേരം സര്‍വീസ് നടത്തേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ ചെന്നൈ മധുര, ചെന്നൈ തിരുച്ചിറപ്പള്ളി വിമാനങ്ങള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇവയുടെ തിരിച്ചുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. രാത്രി പുറപ്പെടേണ്ടിയിരുന്ന ചെന്നൈ-മുംബൈ ഇന്‍ഡിഗോ വിമാനവും നാളെ രാവിലത്തെ മുംബൈ- ചെന്നൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്.

ഷാര്‍ജ- ചെന്നൈ എയര്‍ അറേബ്യയാണ് റദ്ദാക്കിയ മറ്റൊരു വിമാനം.  കാലാവസ്ഥ മെച്ചപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടിവരുമെന്നും  അധികൃതര്‍ വ്യക്തമാക്കി.

 

Latest News