Sorry, you need to enable JavaScript to visit this website.

മൂന്ന് മാസത്തെ ഇഖാമ; കമ്പനികള്‍ക്ക് നേട്ടം, തൊഴിലാളികള്‍ക്ക് ചങ്കിടിപ്പ്

ജിദ്ദ- സൗദിയില്‍ വിദേശ തൊഴിലാളികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കാന്‍ നടപടികളായതോടെ നേട്ടം സ്വകാര്യ മേഖലയിലെ വന്‍കിട കമ്പനികള്‍ക്ക്. ഒരു വര്‍ഷത്തേക്ക് പുതുക്കാന്‍ കഴിയുന്ന ഇഖാമ തുടര്‍ന്നങ്ങോട്ട് മൂന്നു മാസത്തേക്കും പുതുക്കാമെന്നത് കേള്‍ക്കാന്‍ ആകര്‍ഷകമാണെങ്കിലും പ്രവാസികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നതാണെന്നാണ് പൊതുവെ തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നത്. സൗദിവല്‍ക്കരണം പുതിയ മേഖലകളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കെ, ഒരു വര്‍ഷത്തേക്ക് ഇഖാമയുണ്ടല്ലോ അതിനുശേഷമല്ലേ പിരിച്ചുവിടൂ എന്ന ആശ്വാസം കൂടിയാണ് ഇതോടെ നഷ്ടമാകുന്നത്.

തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് അനുസൃതമായി അവരുടെ ആശ്രിതരുടേയും ലെവി മൂന്ന് മാസത്തേക്ക് അടച്ച് പുതുക്കുന്നതിനും സംവിധാനമായിട്ടുണ്ട്. മൂന്ന് മാസം ഇഖാമ പുതുക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമാണ് മൂന്ന് മാസത്തേക്ക് ഫാമിലി ലെവി അടക്കാന്‍ സൗകര്യം.

മൂന്ന് മാസത്തേക്ക് ഇഖാമകള്‍ അനുവദിക്കാനും ഇഖാമ പുതുക്കി നല്‍കാനും നേരത്തെ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിലെ വന്‍കിട സ്ഥാപനങ്ങള്‍ ദീര്‍ഘകാലമായി നടത്തിവരുന്ന സമ്മര്‍ദങ്ങളുടെ ഫലമായാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കിയ ശേഷം വിദേശികള്‍ വാര്‍ഷിക അവധിയില്‍ സ്വദേശങ്ങളിലേക്ക് പോയ ശേഷം തിരിച്ചുവരാത്തത് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

ഇഖാമ പുതുക്കാന്‍ ഒരു വര്‍ഷത്തെ ലെവി മുന്‍കൂട്ടി അടക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശികള്‍ തിരിച്ചുവരാതിരിക്കല്‍ അടക്കം ഒരു സാഹചര്യത്തിലും നേരത്തെ അടച്ച തുകയില്‍ ഒന്നും തന്നെ തിരികെ ലഭിക്കില്ല.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ഇഖാമ പുതുക്കാന്‍ വഹിക്കേണ്ടിവരുന്ന ചെലവുകള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയുമായിരുന്നു െ്രെതമാസ അടിസ്ഥാനത്തില്‍ ഇഖാമ പുതുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന സ്വകാര്യ മേഖലയുടെ സമ്മര്‍ദം.

തൊഴിലാളികളുടെ ലെവി മൂന്ന് മാസത്തേക്ക് അടക്കാന്‍ സാധിക്കുന്നത് കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. ഒരുമിച്ചടച്ചിരുന്ന വന്‍തുക ലാഭിക്കാനും പിന്നീട് ഗഡുക്കളായി അടക്കാനുമാണ് അവര്‍ക്ക് സൗകര്യം ലഭിക്കുന്നത്. സൗദി വല്‍ക്കരണവുമായി ബന്ധപ്പെട്ട പുതിയ പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ ലെവി അടച്ചതുമൂലം നഷ്ടമുണ്ടല്ലോ എന്ന കാര്യം ആലോചിക്കാതെ തന്നെ പിരിച്ചുവിടല്‍ നടപടികളിലേക്ക് നീങ്ങാം.

പുതിയ മേഖലകളില്‍ സൗദി വല്‍ക്കരണം പ്രഖ്യാപിക്കുമ്പോള്‍ കുറഞ്ഞ സമയം മാത്രമാണ് പദവി ശരിയാക്കാന്‍ സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് അധികൃതര്‍ അനുവദിക്കുന്നത്. സ്വദേശിവല്‍ക്കരണ ശതമാനത്തിന് അനുസൃതമായി സൗദികളെ നിയമിക്കുകയോ വിദേശ തൊഴിലാളികളെ പിരിച്ചുവിടുകയോ മാത്രമാണ് മുന്നിലുള്ള മാര്‍ഗം.

പല മേഖലകളിലും 100 ശതമാനം സ്വദേശിവല്‍ക്കരണമാണ് പ്രഖ്യാപിക്കുന്നതെന്നതിനാല്‍ പ്രൊഫഷന്‍ മാറ്റാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ കഴിയുംവേഗം തൊഴിലാളികളെ പിരിച്ചുവിടുകയെന്ന മാര്‍ഗമാണ് സ്ഥാപനങ്ങള്‍ കൈക്കൊള്ളുന്നത്.

നിശ്ചിത സമയത്തിനകം സ്വദേശിവല്‍കരണ തോത് പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ മുഴുവന്‍ സേവനങ്ങളും റദ്ദാക്കപ്പെടുമെന്ന ഭീഷണി നിലനില്‍ക്കുന്നതാണ് കമ്പനികളെ കൂട്ടപിരിച്ചുവിടലിനു പ്രേരിപ്പിക്കുന്നത്.

നിലവില്‍ പല സ്ഥാപനങ്ങളിലും നിരവധിപേരാണ് ഇഖാമ പുതുക്കാതെ തുടരുന്നത്. എല്ലാ വഴികളും അടഞ്ഞ ഇവരുടെ മുന്നില്‍ നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ല.

 

Latest News