കാനഡയില്‍ കാലാവസ്ഥാ വ്യതിയാന രോഗത്തിനു ചികിത്സ തേടി 70കാരി

ഒട്ടാവ- കാനഡയില്‍ കാലാവസ്ഥാ വ്യതിയാന രോഗത്തിന് ചികിത്സ തേടി 70കാരി. ലോകത്ത് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണിത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീടാണ് രോഗകാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഡോക്ടര്‍ വിധിയെഴുതിയത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുണ്ടായ കാട്ടുതീ കാരണമാണ് ഇവരുടെ ശ്വാസതടസ്സം വര്‍ധിച്ചതെന്നാണ് വിലയിരുത്തല്‍. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ പ്രയാസം നേരിടുന്നതുള്‍പ്പെടെ മറ്റ് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളും ഇവര്‍ നേരിടുന്നുണ്ട്. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ രോഗിക്ക് നല്‍കുന്നതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ കൈല്‍ മെറിറ്റ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ അന്താരാഷ്ട്രസമൂഹം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.കാനഡയിലും യു.എസിന്റെ വിവിധ ഭാഗങ്ങളിലും ഉഷ്ണതരംഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം ഈ വര്‍ഷം 232 പേര്‍ ഇതേത്തുടര്‍ന്ന് മരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷമര്‍ദം വര്‍ധിച്ചതാണ് ഉഷ്ണതരംഗങ്ങള്‍ക്കു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
 

Latest News