കേരളത്തില്‍ ബസ് ചാര്‍ജ് കൂട്ടിയേക്കും, മിനിമം നിരക്ക് 10 രൂപ

തിരുവനന്തപുരം -  സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് അനുമതി നല്‍കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 10 രൂപയായും, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍നിന്ന് ഒരു രൂപ വരെയും വര്‍ധിക്കും. യോഗത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവാണ് വിഷയം അവതരിപ്പിച്ചത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുക്തമായ തീരുമാനമെടുക്കാന്‍ മന്ത്രിയെ ചുമതലപ്പെടുത്തി.

കമ്മിഷന്‍ സിറ്റിംഗ് നടത്തി വര്‍ധന നിശ്ചയിക്കുന്നതുവരെ കാത്തിരിക്കാനാകില്ലെന്നാണ് സ്വകാര്യ ബസുടമകള്‍ തിങ്കളാഴ്ച രാത്രി നടന്ന ചര്‍ച്ചയില്‍ മന്ത്രി ആന്റണി രാജുവിനെ അറിയിച്ചത്. ഇതേ കമ്മിഷന്‍ 2020 ജൂണ്‍ 25ന് നല്‍കിയ റിപ്പോര്‍ട്ടില്‍, മിനിമം നിരക്ക് 10 രൂപയാക്കണമെന്ന് ശുപാര്‍ശയുണ്ട്. രണ്ട് ഫെയര്‍ സ്റ്റേജിന് മിനിമം ചാര്‍ജെന്ന രീതി പുനസ്ഥാപിച്ചാകും വര്‍ദ്ധന. സൂപ്പര്‍ ക്ലാസ് ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായതിനാല്‍, വര്‍ധന മാനേജ്‌മെന്റിന്റെയും നിലപാടിനനുസരിച്ചാവും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്കിലും വര്‍ദ്ധനവുണ്ടാകും. നിലവിലെ നിരക്കിന്റെ ഇരട്ടിയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. 50 ശതമാനം വര്‍ധനവാണ് ഗതാഗത വകുപ്പ് പരിഗണിക്കുന്നത്.

 

Latest News