അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, രണ്ടു പേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട- പന്തളത്ത് ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ ഉത്തര ദിനാജ്പുര്‍ ജില്ലയിലെ മാണ്ഡ സ്വദേശി ഫനീന്ദ്ര ദാസാണ് (45) ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. പന്തളം സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പുല്ല് വളര്‍ന്ന് നില്‍ക്കുന്ന സ്ഥലത്താണ് മൃതദേഹം കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കമിഴ്ന്ന് കിടന്ന ഇയാളുടെ ശരീരത്തില്‍ മുറിവേറ്റ ഒട്ടേറെ പാടുകള്‍ ഉണ്ട്. തലയിലും മുഖത്തും കാലിലും ക്ഷതമേറ്റ പാടുകളുമുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കരിങ്കല്ല് കണ്ടെത്തി. ഇയാള്‍ ധരിച്ചിരുന്നതെന്ന് കരുതുന്ന ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പത്തനംതിട്ടയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് തെളിവുകള്‍ ശേഖരിച്ചു. സ്ഥലത്തെത്തിയ പോലീസ് നായ ഓടിക്കയറിയത് സമീപത്തെ ബാര്‍ ഹോട്ടലിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തേക്കാണ്. ഇവിടെ താമസിക്കുന്ന രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. നഗരസഭാ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ബാഗുമായി ഒരാള്‍ ബാര്‍ ഹോട്ടലിന് സമീപത്തേക്ക് നടന്ന് പോകുന്നത് കാണാം. ഫനീന്ദ്ര ദാസിനൊപ്പം താമസിച്ചിരുന്ന ഒരാളെ ഇതിനകം കണാതായിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്നവര്‍, ഒപ്പം താമസിച്ചിരുന്നവര്‍, കരാറുകാരന്‍ എന്നിവരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം  നാളെ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പന്തളം എസ്.എച്ച്.ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

Latest News