പോലീസ് വാഹനം പാര്‍ക്ക് ചെയ്തതിനെ ചോദ്യം ചെയ്ത മുന്‍ പ്രവാസി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

കോട്ടയം - ജില്ലാ പോലീസ് മേധാവിയെ കുമരകത്തെ റിസോര്‍ട്ടില്‍ വിട്ട ശേഷം തിരികെ വന്ന പോലീസ് വാഹനം പാര്‍ക്ക് ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. പോലീസ് മര്‍ദനം ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും ബന്ധുക്കള്‍ പരാതി നല്‍കി.

റോഡിലേക്ക് ഇറക്കി പാര്‍ക്കു ചെയ്ത വാഹനത്തില്‍ അടിച്ചതിനെ തുടര്‍ന്ന് പിന്നാലെ എത്തിയ പോലീസിനെ വെട്ടിച്ചു കടക്കുന്നതിനിടെ യുവാവ് പാടത്തെ ചെളിക്കുണ്ടില്‍ താഴ്ന്നുപോകുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം സംഭവത്തില്‍ ദുരുഹതയുളളതായി നാട്ടുകാര്‍ ആരോപിച്ചു. വെച്ചൂര്‍ അച്ചിനകം വാടപ്പുറത്തുചിറ (കാപ്പിക്കട) ആന്റപ്പന്റെ മകന്‍ ജിജോ ആന്റണി (27) ആണ് മരിച്ചത്. ജിജോയുടെ കൂടെ ബൈക്കില്‍ ഉണ്ടായിരുന്ന യുവാവിനെ  പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്്.

ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ജില്ലാ പോലീസ് മേധാവി ഡി.ശില്‍പയെ റിസോര്‍ട്ടില്‍ ഇറക്കിയ ശേഷം മടങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍  ബാങ്ക്പടിക്കു സമീപം എടിഎമ്മില്‍  പണം എടുക്കാന്‍ കയറിയത്്്. ഗണ്‍മാനും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. ഈ സമയം ബൈക്കില്‍ എത്തിയ ജിജോ പോലീസ് വാഹനത്തില്‍ കൈ കൊണ്ട് അടിച്ചു. റോഡില്‍ പാര്‍ക്ക് ചെയ്തതിന് അസഭ്യം പറഞ്ഞ് വാഹനത്തിന്റെ വാതില്‍ തുറക്കാനും ശ്രമിച്ചുവെന്നു പോലീസ് പറഞ്ഞു.

പോലീസ് വാഹനമാണെന്നു മനസ്സിലായതോടെ ജിജോ സമീപത്തെ ബാറിലേക്ക് ഓടിക്കയറി. കൂടെയുണ്ടായിരുന്ന യുവാവ് ബൈക്കില്‍ രക്ഷപ്പെട്ടു. പോലീസ് എത്തിയപ്പോള്‍ ജിജോ ബാറില്‍നിന്നു പുറത്തേക്ക് ഓടിമറഞ്ഞതായി പോലീസ് പറഞ്ഞു. കൂടുതല്‍ പോലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ജിജോയെ കണ്ടെത്തിയില്ല. എന്നാല്‍ തലയ്ക്കു പിന്നില്‍ ടോര്‍ച്ചു കൊണ്ട് അടിച്ച പാടുളളതായി ബന്ധുക്കള്‍ ആരോപിച്ചു.

അര്‍ധരാത്രിയോടെ ഹോട്ടലിനു സമീപത്തെ പാടശേഖരത്തെ ചാലില്‍ ഒരാള്‍ കിടക്കുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ അറിയിച്ചു. പോലീസ് ജിജോയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മതിലില്‍നിന്നു ചാടിയ ജിജോ 12 അടി താഴ്ചയിലേക്കാണു വീണതെന്നു പോലീസ് പറഞ്ഞു. മൃതദേഹം ചാലില്‍ കമഴ്ന്ന നിലയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ജിജോ നാട്ടിലെത്തിയ ശേഷം ഇടയ്ക്കു ഹൗസ് ബോട്ടില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. സഹോദരന്‍: ജോജി.

 

Latest News