ഇസ്രായില്‍ നീക്കത്തെ അപലപിച്ച് ഫ്രാന്‍സും യൂറോപ്യന്‍ യൂനിയന്‍ അംഗരാഷ്ട്രങ്ങളും

ന്യൂയോര്‍ക്ക്-  ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലമിലും കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മ്മാണവുമായി മുന്നോട്ട് പോകാനുള്ള ഇസ്രായില്‍ നീക്കത്തെ യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ വിവിധ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ വിമര്‍ശിച്ചു. ആറ് പലസ്തീന്‍ എന്‍.ജി.ഒകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച നീക്കത്തെയും അംഗ രാജ്യങ്ങള്‍ അപലപിച്ചു.
കുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണത്തില്‍  ശക്തമായ എതിര്‍പ്പ് ആവര്‍ത്തിക്കുകയാണന്നും ജറൂസലമുമായി ബന്ധപ്പെട്ട് 1967ന് മുമ്പുള്ള അതിര്‍ത്തികളില്‍, ഒരു മാറ്റവും അംഗീകരിക്കില്ലെന്നും എസ്‌തോണിയ, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, അല്‍ബേനിയ, നോര്‍വേ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.   
ഇ-1, ഗിവറ്റ് ഹാമറ്റോസ് എന്നിവയുള്‍പ്പെടെ അധിനിവേശ പ്രദേശങ്ങളിലെ കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തണമെന്ന് ഇ.യു അംഗങ്ങള്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ 1,300 ലധികം ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡറുകളുമായി മുന്നോട്ട് പോകരുതെന്ന് അവര്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി.
രക്ഷാ സമിതി പ്രമേയം 2334 ല്‍ പറഞ്ഞിരിക്കുന്നതുപോലെ ഇസ്രായില്‍ സെറ്റില്‍മെന്റുകള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ്. ദ്വിരാഷ്ട്ര പരിഹാരം ഉള്‍പ്പെടെ കക്ഷികള്‍ക്കിടയില്‍ നീതിപൂര്‍വകവും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള  തടസ്സം സൃഷ്ടിക്കുകയാണെന്നും  സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

 

Latest News