സൗദിയില്‍ കുടുംബത്തിന്റെ ലെവിയും മൂന്ന് മാസത്തേക്ക് അടക്കാന്‍ അനുമതി

റിയാദ് - ത്രൈമാസ അടിസ്ഥാനത്തില്‍ ആശ്രിത ലെവി അടക്കാനും അനുമതിയായതായി ജവാസാത്ത് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതര്‍ക്ക് ബാധകമായ ലെവി മൂന്നു മാസത്തില്‍ ഒരിക്കല്‍ വീതം അടക്കാനാണ് സംവിധാനമായിരിക്കുന്നത്.

സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ മിനിമം മൂന്നു മാസ കാലയളവില്‍ ഇഷ്യു ചെയ്യാനും പുതുക്കാനും അടുത്തിടെ അനുമതിയായിട്ടുണ്ട്. ഇങ്ങിനെ മൂന്നു മാസ കാലാവധിയില്‍ ഇഖാമ ഇഷ്യു ചെയ്യുകയും പുതുക്കുകയും ചെയ്യുമ്പോള്‍ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് ഫീസുകളും കാലാവധിക്ക് ആനുപാതികമായാണ് ഈടാക്കുക. ആശ്രിതരുടെ ഇഖാമക്കും ഇത് ബാധകമാണ്. വര്‍ക്ക് പെര്‍മിറ്റും ലെവിയും ബാധകമല്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ രീതിയില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ പുതിയ ഇഖാമ അനുവദിക്കുകയോ ഇഖാമ പുതുക്കിനല്‍കുകയോ ചെയ്യില്ല.

വിദേശ തൊഴിലാളിയുടെ ഇഖാമ തൊഴിലുടമ മൂന്നു മാസ കാലത്തേക്ക് പുതുക്കുന്ന പക്ഷം വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ഇഖാമ പുതുക്കല്‍ ഫീസ്, ആശ്രിതരുടെ ഇഖാമ ഫീസ് അടക്കം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫീസുകളും ത്രൈമാസ അടിസ്ഥാനത്തിലാണ് അടക്കേണ്ടത്. വിദേശ തൊഴിലാളിയുടെയും ആശ്രിതരുടെയും ഇഖാമ പുതുക്കല്‍ കാലാവധി ഒന്നായിരിക്കല്‍ അനിവാര്യമാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു.

ഭാര്യ, മക്കള്‍, മാതാവ്, പിതാവ്, ഭാര്യയുടെ മാതാപിതാക്കള്‍, ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങി വിദേശ തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും ആശ്രിതരായാണ് പരിഗണിക്കുക. നിലവില്‍ ആശ്രിതരില്‍ ഒരാള്‍ക്ക് പ്രതിമാസം 400 റിയാല്‍ തോതിലാണ് ലെവി നല്‍കേണ്ടത്.

 

 

Latest News