Sorry, you need to enable JavaScript to visit this website.

വികസന കുതിപ്പിൽ ഹൈദറിന്റെ നഗരം 

ലേഖകനും കുടുംബവും ചാർമിനാറിന് മുന്നിൽ 
ചാർമിനാർ 
ലേഖകനും കുടുംബവും ലുംബിനി പാർക്കിൽ 
ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ പുതിയ കാമ്പസ് ഉദ്ഘാടന വേളയിൽ ഹംദയും കൂട്ടുകാരികളും സ്ഥാപന അധികൃതരോടൊപ്പം 
മക്കാ മസ്ജിദ് 

ഹൈദരാബാദിന്റെ സ്മൃതിപഥങ്ങളിലൂടെ-1 


ചരിത്രവും സംസ്‌കാരവും പാരമ്പര്യങ്ങളും ധന്യമായ ഹൈദരാബാദിന്റെ സ്മൃതിപഥങ്ങളിലൂടെയുള്ള യാത്ര ഏറെ മനോഹരമാണ്. ഓരോ ഇന്ത്യക്കാരനും നിർബന്ധമായും സന്ദർശിക്കേണ്ട നഗരമാണിതെന്നാണ് ഒരാഴ്ചക്കാലത്തെ സഞ്ചാരം എന്നെ ബോധ്യപ്പെടുത്തിയത്. 
ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെൽത്തിൽ ഹെൽത്ത് ഇൻഫോമാറ്റിക്‌സിൽ എം.എസ്.ഇക്ക് മകൾ ഹംദയെ കൊണ്ടുപോയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഞാനും ഭാര്യയും ഹൈദരാബാദ് യാത്ര ആസൂത്രണം ചെയ്തത്. യാത്രാ പ്രിയരായ ഭാര്യാ മാതാവും അളിയനും ഭാര്യയും കൂടെ ചേർന്നപ്പോൾ യാത്ര കൂടുതൽ ഹൃദ്യമായി. 


ഖത്തർ എയർവേയ്‌സ് വിമാനം രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെത്തുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. വിശാലമായ വിമാനത്താവളത്തിൽ വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല. എങ്കിലും  കേരളത്തിൽ നിന്നും വ്യത്യസ്തമായി എയർസുവിതയുടെ  3 കോപ്പികൾ വീതം വേണമെന്നതും ആർ.ടി.പി.സി.ആറിന് 1000 രൂപ വീതം നൽകണമെന്നതും  എമിഗ്രേഷൻ നടപടികൾ താമസിക്കാൻ കാരണമായി. ഓരോരുത്തരുടേയും എയർ സുവിതയുടെ മൂന്ന് കോപ്പികൾ വീതമെടുത്ത് ആയിരം രൂപ വീതം  ആർ.ടി.പി.സി.ആറിന് പണമടച്ച് ടെസ്റ്റ് നടത്തി പുറത്തു കടന്നപ്പോഴേക്കും രണ്ട് മണിക്കൂറിലേറെ സമയമെടുത്തു. 
എയർപോർട്ടിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരെയുള്ള താജ് ഡെക്കാൻ എന്ന ആഡംബര ഹോട്ടലിലാണ് താമസം ബുക്ക് ചെയ്തിരുന്നത്.  എയർപോർട്ടിൽ നിന്നും ബുക്ക് ചെയ്ത ടാക്‌സി ഞങ്ങളെയും വഹിച്ച് ഹോട്ടലിലേക്ക് കുതിച്ചു. മികച്ച റോഡുകളും വിശാലമായ പാലങ്ങളുമൊക്കെയാണ് ആദ്യം തന്നെ ശ്രദ്ധയാകർഷിച്ചത്. വിശാലമായ റോഡുകൾ മിക്കവയും വൺവേയാണ് എന്നതും കേടുപാടുകളില്ലാതെ സൂക്ഷിക്കുന്നുവെന്നതും പ്രത്യേകം ശ്രദ്ധിച്ചു. പന്ത്രണ്ട്  കിലോമീറ്ററുകളോളം നീണ്ട പി.വി. നരസിംഹ റാവു   എക്‌സ്പ്രസ് വേ ഏത് സന്ദർശക#െനയും ആകർഷിക്കുന്നതാണ്. എയർപോർട്ടിൽ നിന്നുള്ള യാത്ര സുഗമമാക്കുന്നതിൽ ഈ ഫ്‌ളൈ ഓവറിന് കാര്യമായ പങ്കുണ്ട്. 


ഏകദേശം 40 മിനിറ്റുകൾ കൊണ്ട് തന്നെ ഞങ്ങൾ ഹോട്ടലിലെത്തി. ബുക്കിംഗ് ഡോട്ട് കോമിലൂടെ വിശിഷ്ട അതിഥികളായി രജിസ്റ്റർ ചെയ്തതിനാൽ ഊഷ്മളമായ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. റൂമിലെത്തി ഫ്രഷായി അത്താഴം കഴിച്ച് നേരത്തെ തന്നെ ഉറങ്ങാൻ ശ്രദ്ധിച്ചു. 
നേരം പുലരുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ഉണർന്നിരുന്നു. മോളുടെ സ്ഥാപനം സന്ദർശിച്ച് ഉത്തരവാദപ്പെട്ടവരെ കാണലായിരുന്നു പ്രധാന ദൗത്യം.  ഹോട്ടലിലെ വിഭവ സമൃദ്ധമായ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഞങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ഗവേഷണ പ്രധാനമായ സ്ഥാപനം. കോഴ്‌സിന്റെ ചുമതലയുള്ള ഡോ. സുരേഷ് ബാബു മുനുസ്വാമി കോഴ്‌സിനെക്കുറിച്ചും ഈ കോഴ്‌സിന്റെ പ്രസക്തിയെക്കുറിച്ചുമൊക്കെ വാചാലനായപ്പോൾ മകളുടെ തെരഞ്ഞെടുപ്പ്  തെറ്റിയില്ലെന്ന് ബോധ്യമായി. നൂതനമായ കാഴ്ചപ്പാടും ഗവേഷണവും ലോകാടിസ്ഥാനത്തിലുള്ള ആരോഗ്യ സംവിധാനത്തെയും സജ്ജീകരണങ്ങളെയും എങ്ങനെ പിന്തുണക്കുമെന്നതാണ് കോഴ്‌സിന്റെ കാതൽ. ആരോഗ്യ നയരൂപീകരണവും ആധുനിക ലോകത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ സമൂഹത്തെയും ഗവൺമെന്റുകളെയും സജ്ജമാക്കലുമൊക്കെ ഈ കോഴ്‌സിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. 


പാരമ്പര്യ രീതികൾക്കപ്പുറം നൂതനമായ ഗവേഷണങ്ങളും സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളും പ്രയോജനപ്പെടുത്തി ആരോഗ്യ സേവന രംഗത്ത് വിപഌവകരമായ മാറ്റമാണ് യുവ ഗവേഷകൻ കൂടിയായ ഡോ. സുരേഷ് ബാബു മുനുസ്വാമി ഈ കോഴ്‌സിലൂടെ ഉദ്ദേശിക്കുന്നത്. മാസ്‌റ്റേഴ്‌സ് ബിരുദവും പിഎച്ച്.ഡിയുമൊക്കെയുള്ള ഈ സ്ഥാപനം പലതുകൊണ്ടും സവിശേഷമായ ഒന്നാണെന്നതിൽ സംശയമില്ല. 
ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ സന്ദർശനം കഴിഞ്ഞ ശേഷമാണ് ഹൈദരാബാദിന്റെ ചരിത്ര സ്മൃതികളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ  തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദ് 61 ലക്ഷത്തോളം വരുന്ന ജനസംഖ്യയോടെ ഇന്ത്യയിലെ ആറാമത് വലിയ മെട്രോ നഗരമാണ്. ചരിത്രപരവും സാംസ്‌കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായ ഈ നഗരം, ദക്ഷിണേന്ത്യയുടെയും ഉത്തരേന്ത്യയുടെയും ഭൂമിശാസ്ത്രപരവും നാനാവിധ-ഭാഷാ-സംസ്‌കാരങ്ങളുടെയും സമാഗമബിന്ദുവായും വർത്തിക്കുന്നു. നൈസാമുകളുടെ നഗരം എന്നും അറിയപ്പെടുന്ന ഹൈദരാബാദ് ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ്. ഈ നഗരം ഇന്ന് വിവര സാങ്കേതിക വ്യവസായത്തിന്റെയും അനുബന്ധ തൊഴിലുകളുടെയും ഇന്ത്യയിലെ പ്രധാന താൽപര്യ കേന്ദ്രവുമാണ്. ഹൈദരാബാദിലെ ഹൈ ടെക് സിറ്റിയും സംവിധാനങ്ങളും നിരവധി അന്താരാ്രഷ്ട സ്ഥാപനങ്ങളുടെ ബാക്ക് എൻഡ് ഓഫീസായി വർത്തിക്കുന്നു. ഇൻഫർമേഷൻ ടെക്‌നോളജിയിലും അടിസ്ഥാന സൗകര്യവികസന രംഗത്തുമൊക്കെ ഹൈദരാബാദിന്റെ മാതൃക അസൂയാവഹമാണ്. പടുകൂറ്റൻ ഓഫീസ് സമുച്ചയങ്ങളും അത്യാധുനിക ഷോപ്പിംഗ് മാളുകളുമൊക്കെ നഗരത്തിന്റെ വികസന പ്രതീകങ്ങളായി സന്ദർശകരെ ആകർഷിക്കുമ്പോൾ ചരിത്രവും പാരമ്പര്യവും സംസ്‌കാരവും പ്രതിനിധാനം ചെയ്യുന്ന നിരവധി സ്മാരകങ്ങൾ ഈ നഗരത്തെ വ്യതിരിക്തമാക്കുന്നു.  


തിളക്കം മങ്ങാത്ത മുത്തുകൾക്ക് പേര് കേട്ട ഹൈദരാബാദ് നഗരം ചരിത്ര ഗന്ധിയായ നടവഴികളാലും ചിന്തോദ്ദീപകങ്ങളായ കാഴ്ചയുടെ  വിരുന്നൊരുക്കുന്ന സ്മാരകങ്ങളാലും ധന്യമാണ്. ജനസാഗരത്താൽ വീർപ്പുമുട്ടുന്ന തെരുവുകൾ, രുചിവൈവിധ്യങ്ങളുടെ കലവറയായ വിവിധയിനം ഭക്ഷണ കേന്ദ്രങ്ങൾ, പ്രകൃതിമനോഹരമായ പാർക്കുകൾ, ഇൻഫർമേഷൻ ടെക്‌നോളജിയുടെ അനന്ത സാധ്യതകൾ ബോധ്യപ്പെടുത്തുന്ന സംവിധാനങ്ങളും സൗകര്യങ്ങളുമൊക്കെ ഈ നഗരത്തെ സവിശേഷമാക്കുന്നതിനാൽ ആയിരക്കണക്കിന് സന്ദർശകരാണ്   നിത്യവും ഇവിടെയെത്തുന്നത്.  
തെലുങ്കിൽ ഭാഗ്യനഗരം (ഭാഗ്യം-ധനം) എന്നും അറിയപ്പെടുന്ന ഹൈദരബാദിന്റെ പേരിന്റെ ഉദ്ഭവത്തെപ്പറ്റി നിരവധി കഥകളുണ്ട്.  ഏറ്റവും ജനപ്രിയമായ കഥയനുസരിച്ച്  നഗരം സ്ഥാപിച്ച ശേഷം മുഹമ്മദ് ഖിലി കുത്തബ് ഷാ, ഭാഗ്യമതി എന്നു പേരുള്ള ഒരു ബഞ്ചാര പെൺകുട്ടിയുമായി പ്രേമിച്ച് വിവാഹിതനാവുകയും നഗരത്തെ ഭാഗ്യനഗരം എന്നു വിളിച്ചു തുടങ്ങുകയും ചെയ്തുവെന്നാണ്.  ക്രമേണ   ഇസ്‌ലാം മതം സ്വീകരിച്ച ഭാഗ്യമതി, സ്വന്തം പേര് ഹൈദർ മഹൽ എന്ന് മാറ്റുകയും അതിനനുയോജ്യമായി നഗരം ഹൈദരബാദ് (അക്ഷരാർത്ഥത്തിൽ ഹൈദറിന്റെ നഗരം) ആയിത്തീരുകയും ചെയ്തുവെന്നുമാണ് പറയപ്പെടുന്നത്. 

 

 


ചാർമിനാർ

ചാർമിനാർ എന്നാൽ നാലു മിനാരങ്ങളുള്ള പള്ളി എന്നാണർഥം. കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ ആണ് ഈ സ്മാരകം സ്ഥാപിച്ചത്. ഹൈദരാബാദിൽ നിന്നും  പ്ലേഗ് നിർമാർജനം ചെയ്തതിന്റെ സ്മരണാർഥം ആണ് 1591 ൽ ചാർമിനാർ നിർമിച്ചത്. ചാർമിനാറിലെ 4 മിനാരങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഇസ്‌ലാമിലെ 4 ഖലീഫമാരെയാണെന്നാണ് പറയപ്പെടുന്നത്. സുൽത്താൻ തന്റെ തലസ്ഥാന നഗരി ഗോൽക്കൊണ്ടയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാർമിനാർ നിർമാണം തുടങ്ങിയത്.  ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവ കൊണ്ടാണ് ചാർമിനാർ നിർമിച്ചിരിക്കുന്നത്. ചാർമിനാറിന്റെ ഓരോ വശത്തിനും 20 മീറ്റർ നീളമാണുള്ളത്. മിനാരങ്ങൾക്ക് 48.7 മീറ്റർ നീളമുണ്ട്. മിനാരങ്ങൾക്കുള്ളിൽ 149 പടവുകളുണ്ട്. ഹൈദരാബാദിൽ നഗരത്തിന്റെ മധ്യഭാഗത്തായി പേർഷ്യൻ നിർമാണ രീതികളുപയോഗിച്ചാണ് സ്മാരകം നിർമിച്ചത്. പൗരാണിക ശിൽപകലയുടെ ചാരുത നിലനിർത്തുന്ന ചാർമിനാർ സ്വദേശികളും വിദേശികളുമടങ്ങുന്ന എല്ലാ സന്ദർശകരെയും ഇപ്പോഴും  ആകർഷിക്കുന്ന കേന്ദ്രമാണ്. 
ചാർമിനാറിനു തറക്കല്ലിടുന്ന വേളയിൽ കുതുബ് ഷാ ഇപ്രകാരം പ്രാർഥിച്ചതായി പറയപ്പെടുന്നു. ദൈവമേ, ഈ നഗരത്തിനു ശാന്തിയും ഐശ്വര്യവും നൽകേണമേ. എല്ലാ ജാതിയിലും മതത്തിലും പെട്ട കോടിക്കണക്കിനാളുകൾക്ക് ഈ നഗരം തണലേകണമേ. ഈ പ്രാർഥനയുടെ ഫലമെന്നോണം ചാർമിനാറും പരിസരങ്ങളും ഇന്ത്യൻ മതേതരത്വത്തിന്റെ ഉജ്വല പ്രതീകമായി നിലനിൽക്കുന്നുവെന്നത് ഓരോ ഭാരതീയനും അഭിമാനകരമാണ് .  ചാർമിനാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അമ്പലവും തൊട്ടടുത്തുള്ള മക്കാ മസ്ജിദുമൊക്കെ മതേതരത്വത്തിന്റെ തിളങ്ങുന്ന പ്രതീകങ്ങളായി നിലകൊള്ളുമ്പോൾ സന്ദർശകർ ആവേശഭരിതരാകുന്നു. നാനാജാതി മതസ്ഥർ ഏറെ സമാധാനത്തോടെ നിത്യവും ഇവിടെ സന്ദർശകരായെത്തുന്നു. 

 

 

 

മക്കാ മസ്ജിദ് 

ഹൈദരാബാദിലെ ഏറ്റവും പുരാതനമായ പള്ളികളിലൊന്നാണ് മക്ക മസ്ജിദ്. ചാർമിനാറിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ പള്ളി 1613 ൽ ഒരു കോടി രൂപ ചെലവിൽ സുൽത്താൻ മുഹമ്മദ് ഖുതുബ് ഷായാണ് പണിതത്. ഹൈദരാബാദ് പിടിച്ചടക്കിയ ശേഷം 1692 ൽ മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസീബാണ് മക്കാ മസ്ജിദ് നിർമാണം പൂർത്തിയാക്കിയതെന്നാണ് ചരിത്ര രേഖകളിൽ കാണുന്നത്. മക്കയിൽ നിന്നും കൊണ്ടുവന്ന മണ്ണുപയോഗിച്ച് നിർമിച്ച ഇഷ്ടിക കൊണ്ട് പണിതതിനാലാണ് ഈ പള്ളി മക്ക മസ്ജിദ് എന്നറിയപ്പെടുന്നത് എന്നും പറയപ്പെടുന്നു.   

ഹുസൈൻ സാഗർ തടാകം 

1562 ൽ ഇബ്രാഹിം കുത്തബ് ഷാ പണി തീർത്ത ഹുസൈൻ സാഗർ എന്ന മനുഷ്യ നിർമിത തടാകത്താൽ വേറിട്ടു നിൽക്കുന്ന യുഗ്മ നഗരങ്ങളാണ് ഹൈദരാബാദും അതിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സെക്കന്തരാബാദ് എന്ന നഗരവും. നഗരത്തിലെ ജലക്ഷാമത്തിന് പരിഹാരമായി നിർമിച്ച ഈ തടാകം വൈകുന്നേരങ്ങളിൽ ജനനിബിഢമാകും. വിനോദ സഞ്ചാരികളുടെ സുപ്രധാനമായ കേന്ദ്രമായി മാറിയ ഈ തടാകത്തിലൂടെ നിരവധി ബോട്ടുകളാണ് സർവീസുകൾ നടത്തുന്നത്. പാട്ടും നൃത്തവുമായി സന്ദർശകരെയാകർഷിക്കുന്ന വിനോദ കേന്ദ്രമായി തടാകം മാറിയിരിക്കുന്നു.  5.7 ചതുരശ്ര കി.മീ. വിസ്തൃതിയിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൃത്രിമ തടാകം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ ഉണ്ടാക്കിയതാണ്. 32 അടിയാണ് ഇതിന്റെ പരമാവധി ആഴം. 1992 ഏപ്രിൽ 12 ന് തടാക മധ്യത്തിൽ ബുദ്ധന്റെ 18 മീറ്റർ ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത പ്രതിമ സ്ഥാപിക്കപ്പെട്ടു. ഈ പ്രതിമയിലേക്ക് ബോട്ട് സർവീസുണ്ട്. ധാരാളമാളുകൾ അവിടെ ചെന്ന് ഫോട്ടോ എടുക്കാറുണ്ട്. തടാകത്തിന്റെ മറ്റൊരറ്റത്ത് ഇന്ത്യൻ പതാകയാണ്. തടാകത്തോട് ചേർന്നു കിടക്കുന്ന ലുംബിനി പാർക്കും അവിടുത്തെ ലേസർ ഷോയുമൊക്കെ ഏറെ മനോഹരമായ കാഴ്ചയാണ്.   

 

ഉസ്മാനിയ ജനറൽ ഹോസ്പിറ്റൽ 

ഏഴാമത്തെ നൈസാമിന്റെ കാലത്ത് 23 ലക്ഷം രൂപ ചെലവിൽ പണിതീർത്ത ഉസ്മാനിയ ജനറൽ ഹോസ്പിറ്റൽ ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രി ഇന്നും തലയുയർത്തി നിൽക്കുന്നു പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കുതുബ് ഷാഹി വംശത്തിന്റെ പ്രതാപവും സമ്പൽസമൃദ്ധിയും വർധിച്ചതോടൊപ്പം ഹൈദരാബാദ് ഊർജസ്വലമായ വജ്രവ്യാപാരത്തിന്റെ കേന്ദ്രമായി മാറി. ലോക പ്രസിദ്ധ വജ്രങ്ങളായ ദരിയ-യെ നൂർ, ഹോപ് വജ്രം, പിന്നെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വജ്രമായ കോഹിനൂർ എന്നിവ ഗോൽകൊണ്ടയിലെ വജ്ര ഖനികളിൽ നിന്നുള്ളവയാണ്. ഈ രാജവംശത്തിന്റ സംഭാവനയിലൂടെയായിരുന്നു ഹൈദരാബാദിലെ ഇന്തോ-പേർഷ്യനും ഇന്തോ-ഇസ്‌ലാമികവുമായ സാഹിത്യവും സംസ്‌കാരവും പുഷ്ടിപ്പെടുന്നത്. ചില സുൽത്താൻമാർ പ്രാദേശികമായ തെലുങ്ക് സംസ്‌കാരത്തിന്റെയും രക്ഷാധികാരികളായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോൽകൊണ്ടയിലെ അധികം വരുന്ന ജനസംഖ്യയെ മുഴുവൻ കൊള്ളിക്കുമാറ് വളർന്ന ഹൈദരാബാദ്, ഒടുവിൽ കുതുബ് ഷാഹി ഭരണകർത്താക്കളുടെ തലസ്ഥാനമായി മാറി. നഗരം അതിലെ പൂന്തോട്ടങ്ങൾക്കും (ബാഗുകൾ) സുഖപ്രദമായ കാലവസ്ഥയ്ക്കും വളരെ പ്രസിദ്ധവുമായിത്തീർന്നുവെന്നാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. 


(തുടരും) 

Latest News