ഇഖാമ പുതുക്കാത്ത തൊഴിലാളിയെ നാട്ടിലയക്കാന്‍ വഴി തേടി സ്‌പോണ്‍സര്‍; തക്ക മറുപടി നല്‍കി മന്ത്രാലയം

റിയാദ് - വിദേശ തൊഴിലാളികളുടെ ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും പുതുക്കാന്‍ കാലതാമസം വരുത്തുന്നതു മൂലമുള്ള പിഴകള്‍ വഹിക്കേണ്ടത് തൊഴിലുടമകളാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട ഏഴു ഫീസുകള്‍ തൊഴിലുടമകളാണ് വഹിക്കേണ്ടത്. വിദേശശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസാ ഫീസ്, ഇഖാമ ഫീസ്, വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കാന്‍ കാലതാമസം വരുത്തുന്നതിനുള്ള പിഴകള്‍, പ്രൊഫഷന്‍ മാറ്റ ഫീസ്, റീ-എന്‍ട്രി ഫീസ്, തൊഴില്‍ കരാര്‍ അവസാനിച്ച ശേഷം തൊഴിലാളിക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള ടിക്കറ്റ് നിരക്ക് എന്നിവ തൊഴിലുടമകളാണ് വഹിക്കേണ്ടതെന്ന് ട്വിറ്ററിലെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അക്കൗണ്ട് വ്യക്തമാക്കി.

തന്റെ പേരിലുള്ള സ്ഥാപനത്തിലെ തൊഴിലാളി ഇഖാമ പുതുക്കിയിട്ടില്ലെന്ന് അറിയിച്ചും ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കാനുള്ള ഫീസുകളും ഇവ പുതുക്കാന്‍ കാലതാമസം വരുത്തിയതിനുള്ള പിഴകളും കൂടാതെ തൊഴിലാളിയെ ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞും സൗദി പൗരന്മാരില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

 

 

Latest News