കൊച്ചി- മുന്‍ മിസ് കേരള അന്‍സി കബീറടക്കം മൂന്നു പേരുടെ മരണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചി പോലീസ് സ്‌റ്റേഷന് സമീപത്തെ നമ്പര്‍ 18 ഹോട്ടലില്‍ പരിശോധന നടത്തി.
ഈ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ മുന്നുപേര്‍ മരിച്ചത്. അമിതമായി മദ്യപിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ തൃശ്ശൂര്‍ സ്വദേശി അബ്ദുറഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോവിഡ് കാലമായതിനാല്‍ കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉളളപ്പോഴാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ രാവേറെ നീണ്ട പാര്‍ട്ടി നടന്നത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവില്‍പ്പന നടത്തിയതിന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലഹരിമരുന്ന് വിതരണം ചെയ്തുവെന്നസംശയത്തിന്റെ പേരില്‍ എക്‌സൈസും പരിശോധന നടത്തിയിരുന്നു.
നവംബര്‍ ഒന്നിനാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണര്‍ അപ്പും മോഡലുമായ അഞ്ജന ഷാജന്‍ എന്നിവര്‍ കാര്‍ നിയന്ത്രണം വിട്ട് മറഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെ.എ.മുഹമ്മദ് ആഷിക് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.