കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ആരോഗ്യ പ്രവര്‍ത്തകക്ക് ജോലി പോയി, കണ്ണീരൊഴുക്കി വീഡിയോ

ലണ്ടന്‍- കോവിഡിനെതിരായ വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ആരോഗ്യ പ്രവര്‍ത്തകയെ ജോലിയില്‍നിന്ന് പുറത്താക്കി.
രണ്ടു ദിവസത്തിനകം മുഴുവന്‍ കെയര്‍ വര്‍ക്കര്‍മാരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് യു.കെ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് വാക്‌സിന്‍ വിസമ്മതിക്കാന്‍ വിസമ്മതിച്ച കെയര്‍ ഹോം വര്‍ക്കാര്‍ ലൂയിസ് അകെസ്റ്റര്‍ എന്ന 36 കാരിക്കാണ് ജോലി നഷ്ടമായത്.
14 വര്‍ഷമായി ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇവര്‍ വാക്‌സിനേഷന്റെ ദീര്‍ഘ കാല പാര്‍ശ്വഫലങ്ങളെ കുറിച്ച് കൂടി അറിഞ്ഞശേഷമേ കുത്തിവെപ്പെടുക്കൂ എന്ന നിലപാടിലായിരുന്നു.
ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട അകെസ്റ്റര്‍ സങ്കടത്തോടെ വീഡിയോ പോസ്റ്റ് ചെയ്തു. ഹള്ളിലെ അല്‍ഡേഴ്‌സണ്‍ ഹൗസില്‍ ജോലി ചെയ്തിരുന്ന അകെസ്റ്റര്‍ അവസാന ഷിഫ്റ്റിനുശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
രാജ്യത്ത് അറുപതിനായിരത്തിലേറെ ഹോം കെയര്‍ ജീവനക്കാരാണ് ജോലി നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്നത്.
ഇതുവരെ സേവിച്ചവരെ വിട്ടു പോകുന്നതിലാണ് വലിയ വിഷമമെന്ന് അകെസ്റ്റര്‍ വീഡിയോയില്‍ കണ്ണീര്‍ വാര്‍ത്തു കൊണ്ട് പറഞ്ഞു. വാക്‌സിന്‍ നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.
വാക്‌സിന്‍ സുരക്ഷിതമാണെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും അകെസ്റ്റര്‍ അത് വിശ്വസിക്കുന്നില്ല. ഭാവിയിലും പാര്‍ശ്വഫലങ്ങളുണ്ടാകില്ലെന്ന് ഉറപ്പാകണമെന്നും അതിനായുള്ള പഠനങ്ങള്‍ക്കായി കാത്തിരിക്കയാണെന്നും അവര്‍ പറയുന്നു.
വീഡിയോ പ്രത്യക്ഷപ്പെട്ടതിനുശേഷം സമൂഹ മാധ്യമ ഉപയോക്താക്കളും രണ്ടുതട്ടിലാണ്. ജോലിയില്‍നിന്ന് പരിച്ചുവിട്ട നടപടി ശരിയായില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകയായ അവര്‍ ഇനിയെങ്കിലും കുത്തിവെപ്പെടുക്കണമെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം.

 

Latest News