വാഷിംഗ്ടണ്‍- വിദേശികളെ തടയുന്നതിനായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നടപടികള്‍ അമേരിക്കന്‍ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മാഴ്‌സ്‌കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സോറന്‍ സ്‌കൗ മുന്നറിയിപ്പ് നല്‍കി. തീവ്ര ദേശീയവാദികളെ തൃപ്തിപ്പെടുത്തുന്നതിന് ട്രംപ് സ്വീകരിക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികള്‍ തിരിച്ചടിക്കുമെന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്.
യു.എസ് സമ്പദ്ഘടനയില്‍ പ്രകടമായ അനുകൂല സാഹചര്യങ്ങള്‍ കാരണം വേതന നിരക്ക് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇത് ശുഭ സൂചനയാണെങ്കിലും കുടിയേറ്റം വെട്ടിക്കുറക്കുന്നതില്‍ വിജയിച്ചാല്‍ സമ്പദ്ഘടന ഇതുപോലെ മുന്നോട്ടു പോകില്ല.
സംരക്ഷണവാദത്തെ അടിസ്ഥാനമാക്കി വിവിധ രാജ്യങ്ങള്‍ കൈക്കൊള്ളുന്ന നപടികള്‍ എങ്ങനെ അതതു രാജ്യങ്ങളുടെ സമ്പദ്ഘടനയെ മാറ്റുമെന്ന് നിരീക്ഷിക്കാനും പഠിക്കാനും ലോകത്തിന്റെ എല്ലാ ഭാഗത്തും ചരക്കുകള്‍ എത്തിക്കുന്ന കമ്പനിയുടെ മേധാവിയെന്ന നിലയില്‍ സ്‌കൗ എന്തു കൊണ്ടും അര്‍ഹനാണ്.
ട്രംപ് ആഗോളീകരണത്തെ പഴിക്കുമ്പോള്‍ മറ്റു മേഖലകള്‍ സാമ്പത്തിക ശക്തികേന്ദ്രങ്ങളായി മാറുകയാണെന്ന് സ്‌കൗ പറയുന്നു. യൂറോപ്പിനാണ് കൂടുതല്‍ സാധ്യതകളെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വിപണി ശക്തമാക്കുകയും ഡിജിറ്റൈസേഷന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ യൂറോപ്പിന്റെ പല ഭാഗങ്ങളിലും മികച്ച സാധ്യതകളാണ് കാത്തിരിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നിയന്ത്രിക്കുന്നതില്‍ വിജയിച്ചാല്‍ യൂറോപ്പിനു മുന്നില്‍ വരുംവര്‍ഷങ്ങള്‍ മികച്ചതായിരിക്കും- സ്‌കൗ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്‍ സാധ്യതകളാണ് കാണുന്നതെന്നും അതുകൊണ്ട് തന്നെ നിക്ഷേപം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എണ്ണൂറോളം സ്വന്തം കപ്പലുകളില്‍ ഒരു കോടിയിലേറെ 40 അടി കണ്ടെയ്‌നറുകളാണ് കഴിഞ്ഞ വര്‍ഷം മാഴ്‌സ്‌ക് കമ്പനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചത്. 2016 നെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ് വര്‍ധന.






