പാലാക്കാരന്‍ ചേട്ടന്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉടമ അറസ്റ്റില്‍, കള്ളക്കേസെന്ന് മാണി സി. കാപ്പന്‍

കോട്ടയം - സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേരള കോണ്‍ഗ്രസ്  എം പരാതിയെ തുടര്‍ന്ന്് ഒളിവിലായിരുന്ന പാല പന്ത്രണ്ടാം മൈല്‍ സ്വദേശി സഞ്ജയ് സഖറിയാസിനെ പാലാ പോലീസ് അറസ്റ്റു ചെയ്തു.  

ജോസ് കെ മാണി, തോമസ് ചാഴികാടന്‍ എന്നിവരെ  നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും അപവാദപ്രചരണം നടത്തുകയും ചെയ്തതായി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തുവെങ്കിലും മുന്‍കൂര്‍ജാമ്യത്തിനായി കോടതിയെ സമീപിച്ചു.  എന്നാല്‍ ജാമ്യം ലഭിച്ചില്ല.  താന്‍ കീഴടങ്ങുകയാണെന്ന്് സഞ്ജയ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വിളിച്ചറിയിച്ചിരുന്നു.

പാലാക്കാരന്‍ ചേട്ടന്‍ എന്ന ഫേസ് ബുക്ക് അക്കൗണ്ട് ഉള്‍പ്പടെ നിരവധി അക്കൗണ്ട് പേജുകളിലൂടെ അപവാദപ്രചരണം നടത്തിയെന്നായിരുന്നു പരാതി. അതേ സമയം കോണ്‍ഗ്രസിലെ പ്രമുഖ നേതാവിന്റെ കുടുംബാംഗമായ സഞ്ജയ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. മാണി സി കാപ്പന്‍ എംഎല്‍എ സ്റ്റേഷനില്‍ എത്തിയിരുന്നു.

സഞ്ജയ് സഖറിയാസിനെതിരെ പോലീസ് കള്ളക്കേസ് ചമച്ചിരിക്കുന്നുവെന്നു ബോധ്യമുള്ളതിനാലാണ് പോലീസ് സ്റ്റേഷനില്‍ പോയതെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് തനിക്കു വേണ്ടി പ്രവര്‍ത്തിച്ച ആളാണ് സഞ്ജയ്. പോലീസ് എടുക്കുന്ന എല്ലാ കേസും ശരിയാവണമെന്നില്ല. ചില പോലീസുകാര്‍ രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കു വഴങ്ങാറുണ്ടെന്നതു സത്യമാണ്.

ഈ വിഷയത്തില്‍ പോലീസ് ചുമത്തിയിരിക്കുന്ന വകുപ്പ് പ്രകാരമുള്ള കുറ്റം സഞ്ജയ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്. കൂടെ നില്‍ക്കുന്നവര്‍ക്കു നീതി ലഭ്യമാക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും എം എല്‍ എ വ്യക്തമാക്കി. കൂടെ നില്‍ക്കുന്നവരെ തള്ളിപ്പറഞ്ഞു പോകുന്ന നിലപാട് തനിക്കില്ല. വേണ്ടി വന്നാല്‍ ഇക്കാര്യത്തിനായി എവിടെയും താന്‍ പോകും. സഞ്ജയ് സഖറിയാസിനെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്നും കാപ്പന്‍ വ്യക്തമാക്കി.

 

Latest News