ഒന്നര വര്‍ഷംമുമ്പ് കാണാതായ സ്ത്രീ കാമുകനോടൊപ്പം മലപ്പുറത്ത് പിടിയില്‍

പയ്യന്നൂര്‍- ഒന്നര വര്‍ഷം മുമ്പ്  പയ്യന്നൂര്‍ കാവ്വയിലെ വീട്ടില്‍നിന്ന് കാണാതായ പാചകത്തൊഴിലാളിയായ സ്ത്രീയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. ഇരുവരും ചേര്‍ന്ന് അവിടെ ഹോട്ടല്‍ നടത്തിവരികയായിരുന്നു.
കവ്വായിലെ  പ്രസന്നയെയാണ് ഇളമ്പച്ചി സ്വദേശിയായ അബ്ദുറഹ്മാനോടൊപ്പം കണ്ടെത്തിയത്. സുബൈദ എന്ന പേരില്‍ മലപ്പുറം കാലടിയില്‍  ചായക്കട നടത്തുകയായിരുന്നു ഇരുവരും. പയ്യന്നൂര്‍ പോലീസ്
വേഷം മാറി ചെന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തി പയ്യന്നൂരില്‍ എത്തിച്ചത്.

പയ്യന്നൂര്‍ ഇളമ്പച്ചിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അബ്ദുറഹ്മാന് ഉദുമ, കുടക്, മലപ്പുറം എടവണ്ണപ്പാറ എന്നിവിടങ്ങളില്‍ ഭാര്യമാരുണ്ട്. പയ്യന്നുര്‍ പോലിസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വന്ന കേസില്‍ യാതൊരു തുമ്പും ലഭിക്കാതിരുന്ന സമയത്താണ് പയ്യന്നൂര്‍ ഡി വൈ എസ് പി ആയി കെ.ഇ.പ്രേമചന്ദ്രന്‍ ചുമതലയേല്‍ക്കുന്നതും  കേസ് മേല്‍നോട്ടം വഹിച്ചു അന്വേഷണത്തിന് പുതിയ സ്‌ക്വാഡിന് രൂപം നല്‍കിയതും. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ പി മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ എസ് ഐ യദുകൃഷ്ണന്‍, പ്രത്യേക ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായി.

ഇളമ്പച്ചി സ്വദേശിയായ അബ്ദുറഹ്മാന്‍ എന്നയാളുടെ കൂടെ പോയതായി സംശയിച്ചിരുന്നെങ്കിലും ഇവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍, സിം എല്ലാം പ്രവര്‍ത്തന രഹിതമാക്കിയിരുന്നത് അന്വേഷണത്തെ സാരമായി ബാധിച്ചു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു നടത്തിയ പോലീസിന്റെ അന്വേഷണത്തിനോടുവിലാണ് ഇവരെ കണ്ടെത്തുന്നത്.ഇവരെ കണ്ടെത്തുന്നതിന് പോലിസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.  ഇരുവരെയും പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Latest News