റണ്‍വേക്ക് സമീപം ബോംബ്; ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് അടച്ചു 

ലണ്ടന്‍- തേംസ് നദിക്കു സമീപം വെടിക്കോപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം. രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന വെടിക്കോപ്പുകളാണ് നദിക്കരയില്‍നിന്ന് ലഭിച്ചത്. 
കിഴക്കന്‍ ലണ്ടനിലെ ജോര്‍ജ് അഞ്ചാമന്‍ ഡോക്കിനു ചുറ്റുമായി 214 മീറ്റര്‍ ചുറ്റളവില്‍ റോയല്‍ നേവിയും മെട്രോപോളിറ്റന്‍ പോലീസും പ്രവേശനം നിഷേധിച്ചിരിക്കയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ ധാരാളം ബോംബ് വര്‍ഷിച്ച സ്ഥലമാണിത്. എയര്‍പോര്‍ട്ടില്‍ നേരത്തെ നിശ്ചയിച്ച വികസന ജോലി ആരംഭിച്ചപ്പോഴാണ് വെടിക്കോപ്പുകള്‍  കണ്ടെത്തിയത്. എന്‍ജിനീയര്‍മാര്‍ ഇവ നീക്കം ചെയ്യുന്നതുവരെ എയര്‍പോര്‍ട്ടിലേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകളെ ബാധിക്കും. എയര്‍ലൈന്‍സുമായി ബന്ധപ്പെടാനാണ് യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രദേശത്തേക്കുള്ള റോഡ് അടച്ചതായും അധികൃതര്‍ അറിയിച്ചു. 

Latest News