Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

കാർഷികോൽപന്ന വിപണി തളർച്ചയിൽ        

ഉത്സവാഘോഷങ്ങളിലേക്ക് ഉത്തരേന്ത്യ ശ്രദ്ധ തിരിച്ചത് മുഖ്യ ഉൽപന്നങ്ങളുടെ ഇടപാടുകൾ കുറച്ചു. ചുക്ക്, മഞ്ഞൾ, ജാതിക്ക വിലകൾ സ്‌റ്റെഡി. ദീപങ്ങളുടെ ഉത്സവം കഴിഞ്ഞതോടെ വെളിച്ചെണ്ണ, കൊപ്ര വിലകളിൽ ചെറിയ മുന്നേറ്റം. മുഖ്യ ഉൽപാദക രാജ്യങ്ങളിൽ റബർ ക്ഷാമം തുടരുന്നു, ടയർ വ്യവസായികൾ റബർ വില  ഉയർത്തി. ആഭരണ വിപണികളിൽ സ്വർണത്തിന് തിളക്കം.  
കാർഷികോൽപന്നങ്ങൾക്ക് തളർച്ച. ഉത്തരേന്ത്യയിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യം കുറഞ്ഞത് കുരുമുളക് വിലയെ ബാധിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ കിലോ 464 രൂപയിൽ നിന്ന് കുരുമുളകിന് ഒരു രൂപ പോലും ഉയരാനായില്ല. മുൻ വാരം സൂചിപ്പിച്ചതാണ് 465 ൽ പ്രതിരോധം നേരിടുമെന്നത്. വാങ്ങൽ താൽപര്യം കുറഞ്ഞ സാഹചര്യത്തിൽ ചെറിയ തോതിലുള്ള സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കാമെങ്കിലും 450 ലെ താങ്ങ് നിലനിർത്താം. ആഗോള വിപണിയിൽ ബുൾ തരംഗം ഉടലെടുക്കാനും ഇടയുണ്ട്. പുതുവർഷത്തിൽ മുളക് വില 540 വരെ ഉയരാനുള്ള സാധ്യതകളിലേയ്ക്കാണ് വിപണിയിലെ ചലനങ്ങൾ വിരൽ ചൂണ്ടുന്നത്. 


ടെർമിനൽ മാർക്കറ്റിൽ മുളക് വരവ് ചുരുങ്ങിയത് ഒരു പരിധി വരെ വിപണിക്ക് താങ്ങായി. ഈ വാരം വ്യാപാര രംഗം സജീവമാകുന്ന അവസരത്തിലും ലഭ്യത ഉയർന്നതിനാൽ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.    കേരളത്തിൽ മാത്രമല്ല, കർണാടകയിലും അടുത്ത സീസണിൽ ഉൽപാദനം ചുരുങ്ങുമെന്ന് വ്യക്തമായി. അവിടെ മുപ്പത് ശതമാനം വിളവ് കുറയുമെന്നാണ് തോട്ടങ്ങളിൽ നടത്തിയ പഠനങ്ങൾ നൽകുന്ന സൂചന. തുലാമഴയ്ക്ക് കടുപ്പം കൂടിയാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകാം. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 46,000 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6300 ഡോളറാണ്. മലേഷ്യ 5200 ഡോളറിനും ബ്രസീൽ 4300 ഡോളറിനും വിയറ്റ്‌നാം 4400 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 


ഉത്സവ ഡിമാന്റിനൊപ്പം വിദേശ ഓർഡറുകളും  ഏലക്ക ലേലം സജീവമാക്കി. അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമാക്കിയുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്നു. വാരമധ്യം വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങളുടെ വില കിലോ ഗ്രാമിന് 1904 രൂപ വരെ കയറി. ശരാശരി ഇനങ്ങൾ വാരാന്ത്യം 1053 രൂപയിലാണ്. 
ആഭ്യന്തര ആവശ്യം ചുരുങ്ങിയത് മൂലം കൊച്ചിയിൽ മഞ്ഞൾ, ചുക്ക്, ജാതിക്ക വിലകൾ സ്‌റ്റെഡിയായി നീങ്ങി. ശൈത്യകാലമായതിനാൽ ചുക്കിന് ഉത്തരേന്ത്യൻ ഡിമാന്റ് വൈകാതെ ഉയരാൻ ഇടയുണ്ട്. 
കോവിഡ് പ്രതിസന്ധികൾ അകന്നതോടെ റബർ ഉൽപാദക രാജ്യങ്ങളിൽ ടാപ്പിങ് പുനരാരംഭിച്ചിട്ടും വിപണിയിലെ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. പ്രകൃതിദത്ത റബർ ഉൽപാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയുടെ വിലയിരുത്തലിൽ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ജപ്പാനിലും ഇന്ത്യയിലും ഏതാനും മാസങ്ങൾ കൂടി റബർ ലഭ്യത ഉയരില്ലെന്നാണ് വിലയിരുത്തൽ.  
ചൈനയിൽ വാരാന്ത്യം മികച്ചയിനം റബർ വില കിലോ 12.59 യുവാനിൽ എത്തി, അതായത് കിലോ 150 രൂപ. ജപ്പാൻ സിംഗപ്പൂർ വിപണിയിലും റബർ നേട്ടത്തിലായതിനാൽ തൽക്കാലം ഇറക്കുമതിയിൽ നിന്ന് ഇന്ത്യൻ ടയർ ലോബി പിന്തിരിയാം. തുലാമഴ ശക്തമായതിനാൽ പല തോട്ടങ്ങളിലും റബർ ടാപ്പിങ് പുനരാരംഭിച്ചിട്ടില്ല. ഇത് മൂലം കർഷകരും സ്‌റ്റോക്കിസ്റ്റുകളും കുറഞ്ഞ അളവിലാണ് ചരക്ക് ഇറക്കുന്നത്. നാലാം ഗ്രേഡ് 17,500 രൂപയിൽ നിന്ന് 18,000 രുപയായി. അഞ്ചാം ഗ്രേഡിന് 500 രൂപ കയറി 17,300-17,800 രൂപയായി. 


ദീപാവലി കഴിഞ്ഞതോടെ നാളികേരോൽപന്നങ്ങളുടെ വില ഉയർന്നു. തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ കൊപ്ര സംഭരിക്കാൻ താൽപര്യം കാണിച്ചത് ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ എണ്ണ വിലയും ഉയർത്തി. കാങ്കയത്ത് കൊപ്ര വില ക്വിന്റലിന് 200 രൂപ ഉയർന്ന് 10,200 ൽ വ്യാപാരം നടന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 16,400 രൂപയിലും കൊപ്ര 10,050 രൂപയിലുമാണ്.  
ആഭരണ കേന്ദ്രങ്ങളിൽ പവൻ 35,760 രൂപയിൽ നിന്ന് 36,080 ലേയ്ക്ക് ശനിയാഴ്ച ഉയർന്നു. ഗ്രാമിന് വില 4470 രൂപയിൽ നിന്ന് 4510 രൂപയായി.   ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1785 ഡോളറിൽ നിന്ന് 1819 ഡോളർ വരെ ഉയർന്നു. വിപണിയിലെ ബുള്ളിഷ് ട്രന്റ് കണക്കിലെടുത്താൽ നിരക്ക് 1830-1837 ഡോളറിലേയ്ക്ക് ഉയരാം. 


 

Latest News