Sorry, you need to enable JavaScript to visit this website.

മുൻനിര ഇൻഡക്‌സുകൾ കുതിപ്പിൽ

ആഭ്യന്തര ഫണ്ടുകൾ ദീപാവലി വേളയിലെ ഉണർവ് മുൻനിർത്തി വൻ നിക്ഷേപത്തിന് ഉത്സാഹിച്ചത് മുൻനിര ഇൻഡക്‌സുകളുടെ കുതിപ്പിന് വേഗഃ സമ്മാനിച്ചു. ബോംബെ സെൻസെക്‌സ് 760 പോയന്റും നിഫ്റ്റി 245 പോയന്റും കഴിഞ്ഞ വാരം വർധിച്ചു. സംവത് 2077 നിക്ഷേപകർക്ക് സമ്മാനിച്ച സൗഭാഗ്യം പുതിയ സംവത് വർഷത്തിലും ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണവർ. 
നിക്ഷേപകർക്ക് പ്രതീക്ഷ പകർന്ന് സൂചികയിൽ ദൃശ്യമായ പുൾബാക്ക് റാലി ഓപറേറ്റർമാരെ ആവേശം കൊള്ളിച്ചു. ദീപാവലി അവധികൾ മൂലം വ്യാപാരം മൂന്ന് ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ രണ്ടാഴ്ചകളിലെ തളർച്ചയിൽ നിന്ന് വിപണിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ നിക്ഷേപകർക്ക് ഭാഗ്യം ലഭിക്കുമെന്ന് കഴിഞ്ഞ വാരം നൽകിയ സൂചന ശരിവെക്കുന്ന പ്രകടനമാണ് വിപണിയിൽ ദൃശ്യമായത്. 


സംവത് 2077 വർഷത്തിൽ ബോംബെ സെൻസെക്‌സ് 38 ശതമാനവും നിഫ്റ്റി 40 ശതമാനവും വർധിച്ചു. ഒരു വ്യാഴവട്ടത്തിനിടയിൽ ഇന്ത്യൻ വിപണിയിൽ ഇത്ര ശക്തമായ മുന്നേറ്റം ആദ്യമാണ്. കോവിഡ് സൃഷ്ടിച്ച വൻ തകർച്ചയ്ക്ക് ശേഷമുള്ള കുതിച്ചുചാട്ടം വിപണി ആഘോഷമാക്കി. കഴിഞ്ഞ സംവത് വർഷത്തിൽ സെൻസെക്‌സ് 16,327 പോയന്റും നിഫ്റ്റി 5229 പോയന്റും മുന്നേറി. സാമ്പത്തിക രംഗത്തെ ചലനങ്ങളും വിദേശ ഫണ്ടുകളുടെ നീക്കങ്ങളും വിലയിരുത്തിയാൽ സെൻസെക്‌സിന് 64,000 ത്തിലേയ്ക്കും നിഫ്റ്റിക്ക് 19,500 വരെയും ഉയരാം. 
മുൻനിര ഓഹരികളായ എസ് ബി ഐ, എച്ച് ഡിഎഫ് സി, എച്ച് ഡിഎഫ് സി ബാങ്ക്, ഇൻഫോസീസ്, റ്റിസിഎസ്, എച്ച് സി എൽ, എച്ച് യു എൽ, സൺ ഫാർമ, ഡോ. റെഡീസ്, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീൽ തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ എം ആന്റ് എം, ആർ ഐ എൽ, ഐ സി ഐ സി ഐ ബാങ്ക് എന്നിവയുടെ നിരക്ക് കുറഞ്ഞു. 


നിഫ്റ്റിക്ക് പോയവാരം ഒരിക്കൽ കൂടി 17,700 ൽ സാങ്കേതികമായി താങ്ങ് ലഭിച്ചു. 17,705 പോയന്റ് ചവിട്ടുപടിയാക്കി സൂചിക 18,000 ത്തിനെ ലക്ഷ്യമാക്കി ചുവടുവെച്ചെങ്കിലും 17,973 വരെയേ ഉയരാനായുള്ളൂ. മാർക്കറ്റ് ക്ലോസിങിൽ നിഫ്റ്റി 17,916 ലാണ്. ഈ വാരം 17,756 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 18,024 ലേക്ക് കയറാനുള്ള ശ്രമം വിജയിക്കാമെങ്കിലും വിൽപനയുമായി മുന്നേറുന്ന വിദേശ ഫണ്ടുകളുകളുടെ മനസ്സ് മാറിയാലേ അടുത്ത പ്രതിരോധമായ 18,132 പോയന്റിലെ വൻമതിൽ തകർക്കാനാവൂ. 
ഒക്ടോബറിൽ വിൽപനക്കാരായി നിലകൊണ്ട വിദേശ ഫണ്ടുകൾ തിരിച്ചെത്തിയാൽ നിഫ്റ്റിക്ക് 18,400 ത്തിലേക്ക് ചുവടു വെക്കാനാവും. ദീപാവലി വേളയിൽ ആഭ്യന്തര ഫണ്ടുകളുടെ സാന്നിധ്യം വിപണിക്ക് ഊർജം പകർന്നു. 


ബോംബെ സൂചിക 59,306 പോയന്റിൽ നിന്ന് 59,382 വരെ താഴ്ന്ന ഘട്ടത്തിൽ ബുൾ ഇടപാടുകാർ വാങ്ങലുകാരായത് സൂചികയെ 60,267 ലേക്ക് ഉയർത്തിയെങ്കിലും വാരാന്ത്യം 60,067 പോയന്റിലാണ്. ഈ വാരം 60,428-60,790 റേഞ്ചിലെ തടസ്സങ്ങൾ മറികടന്നാൽ സെൻസെക്‌സിന് 61,675 വരെ ഉയരാനുള്ള കരുത്ത് കണ്ടെത്താനാവും. എന്നാൽ ആദ്യ പ്രതിരോധത്തിൽ കാലിടറിയാൽ 59,543-59,020 ലേയ്ക്ക് സൂചിക തളരാം. 
വിദേശ ഫണ്ടുകൾ കഴിഞ്ഞ വാരം 686.85 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര ഫണ്ടുകൾ 344 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഒക്ടോബറിൽ വിദേശ ഫണ്ടുകൾ മൊത്തം 25,572 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞ മാസം 4471 കോടി നിക്ഷേപിച്ചു. 


ക്രൂഡ് ഓയിൽ വിപണി ചൂടു പിടിച്ചെങ്കിലും ആഭ്യന്തര മാർക്കറ്റിൽ പെട്രോളിയം ഉൽപന്നങ്ങൾക്കുള്ള നികുതി ഇളവുകൾ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ ഉപകരിക്കും. ഇതിനിടയിൽ എണ്ണ ഉൽപാദനം ഉയർത്തുന്ന കാര്യത്തിൽ തൽക്കാലം തീരുമാനം എടുക്കാനാവില്ലെന്ന ഒപെക് വെളിപ്പെടുത്തൽ രൂപക്ക് മേൽ സമ്മർദം ഉളവാക്കാം. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 82.60 ഡോളറിലാണ്. 
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ഉയർന്നു. ഡോളറിന് മുന്നിൽ രൂപ 74.91 ൽ നിന്ന് 74.31 ലേയ്ക്ക് ശക്തി പ്രാപിച്ചു. പിന്നിട്ട വാരം രൂപയുടെ മൂല്യത്തിൽ 60 പൈസയുടെ മുന്നേറ്റം. ഈ മാസം വിനിമയ നിരക്ക് 75.25 ലേയ്ക്ക് ദുർബലമാകാൻ ഇടയുണ്ട്.  

Latest News