ജിദ്ദ- സൗദിയില്‍ ബിനാമി ബിസിനസ് അവസാനിപ്പിച്ച് പദവി ശരിയാക്കാന്‍ അനുവദിച്ച സമയം ഫെബ്രുവരി 16 ന് അവസാനിക്കാരിക്കെ പ്രതിസന്ധിയിലായ സംരംഭകരെ സഹായിക്കാന്‍ കണ്‍സള്‍ട്ടിംഗ് സേവനങ്ങളുമായി ഏജന്റുമര്‍ രംഗത്ത്. പദവി ശരിയാക്കുന്നതിന് അനുവദിച്ച സമയം അവസാനിക്കുന്നതോടെ റെയ്ഡുകള്‍ നടത്തി ഇത്തരം ബിസിനസുകള്‍ അന്ത്യം കുറിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന അധികൃതര്‍ അതിനായുള്ള സന്നാഹങ്ങളും ഒരുക്കുന്നുണ്ട്.
പുതിയ നടപടികളില്‍ സൗദി അറേബ്യയുടെ സാധ്യത നഷ്ടപ്പെടുകയല്ല, മറിച്ച് വളരെ വിശാലമായ പുതിയൊരു ലോകവും അതിലെ സാധ്യതകളും തുറന്നു വരികയാണെന്ന് ജിദ്ദയില്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി എ.സി.എം. സുഹൈല്‍ പറയുന്നു. വിദേശികള്‍ക്കുള്ള സാധ്യതകള്‍ അടക്കുകയല്ല. ചെറുകിട സംരംഭം എന്നത് സ്വദേശകള്‍ക്ക് മാത്രമായി ചുരുങ്ങുമെങ്കിലും നിയമ വിധേയമായി ബിസിനസ് സ്ഥാപനങ്ങള്‍ വിദേശികള്‍ക്ക് നേരിട്ട് നടത്തുവാനുള്ള വാതില്‍ തുറക്കുകയാണെന്നും അദ്ദേഹം പറയുന്നു. സൗദിയിലെ നിക്ഷേപകര്‍ക്ക് അവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സംശയ നിവാരണം നടത്തുന്നതിനുമായി ഫെയസ്ബുക്ക് കൂട്ടായ്മ നിലവിലുണ്ടെന്ന് സുഹൈല്‍ പറഞ്ഞു.
സ്വദേശിയുടെ പേരില്‍ സ്ഥാപനം തുടങ്ങി സ്വന്തമായി ബിസിനസ് നടത്തുന്നതിനെയാണ് ബിനാമി ബിസിനസ് കൊണ്ട് ഉദ്ദേശിക്കുന്നത്.
പദവി ശരിയാക്കാന്‍ അനുവദിച്ച സമയത്തിനുശേഷം പിടിക്കപ്പെടുന്ന നിയമ ലംഘകര്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്ന മുന്നറിയിപ്പുണ്ട്. വന്‍തുക പിഴയും ആറുമാസം ജയിലും നാടുകടത്തലുമുണ്ടാകുമെന്ന് മുന്നറിയിപ്പുകളില്‍ പറയുന്നു.
ബിനാമി ബിസിനസ് നേരത്തെയും നിയമ വിരുദ്ധമായിരുന്നുവെങ്കിലും അത് കണ്ടെത്തുന്നതിനായി ഇതുവരെ കൃത്യമായ പരിശോധനകള്‍ ഉണ്ടായിട്ടുണ്ടായിരുന്നില്ല. ഒറ്റുകൊടുക്കപ്പെടുകയോ മറ്റേതെങ്കിലും കേസിന്റെ അന്വേഷണ ഭാഗമായി കണ്ടെത്തുകയോ ചെയ്താല്‍ മാത്രമാണ് ഇത് വരെ ബിനാമി ബിസിനസ് പിടിക്കപ്പെട്ടിരുന്നത്.
ബഖാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹൈവേയിലെ പെട്രോള്‍ പമ്പുകള്‍ എന്നീ മേഖലകള്‍ നൂറ്ശതമാനം ബിനാമി അടക്കി വാഴുന്ന വാണിജ്യ പ്രവര്‍ത്തനങ്ങളാണെന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. വിവിധ വകുപ്പുകള്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധനയാണ് ഫെബ്രുവരി 16-നു ശേഷം നടക്കുക. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് പറയുന്നു. ഇതോടെ ബിസിനസിന്റെ പൂര്‍ണമായ തുടച്ചുനീക്കല്‍ സാധ്യമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
സര്‍ക്കാര്‍ പരിശോധനകള്‍ക്കുമുമ്പ് തന്നെ സ്വദേശി ഉടമകള്‍ പലയിടത്തും വിദേശികളുടെ സ്ഥാപനം സ്വന്തമാക്കി തുടങ്ങിയിട്ടുമുണ്ട്. സ്ഥാപനം മറ്റൊരാള്‍ക്ക് വില്‍പന നടത്തുകയോ, തന്റെ പേരില്‍നിന്ന് മാറുകയോ വേണമെന്ന് ആവശ്യപ്പെട്ടും സ്വദേശികള്‍ രംഗത്തുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിരന്തരം മുന്നറിയിപ്പുകള്‍ ലഭിക്കുന്നതാണ് ഇതിനു കാരണം. കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് ഇങ്ങനെ സ്ഥാപനങ്ങള്‍ മാറ്റുന്നതിന് രേഖകളില്‍ ഉടമകളായുള്ള സ്വദേശികള്‍ നല്‍കുന്നത്.
എന്താണ് മാര്‍ഗം?
ബിനാമി ബിസിനസ് നടത്തുന്ന വിദേശികള്‍ക്ക് ഇനി ചെയ്യാനുള്ളത് ബിസിനസ് സ്ഥാപനം നിയമവിധേയമാക്കുക എന്നതാണ്. നിലവിലുള്ള സ്ഥാപനം ബിനാമിയായാണ് ഇത്രയും കാലം നടത്തിയതെന്ന് യഥാര്‍ത്ഥ ഉടമയും സ്വദേശി ഉടമയും ചേര്‍ന്ന് സര്‍ക്കാരിന് മുന്നില്‍ ഡിക്ലയര്‍ ചെയ്യുക എന്നതാണ് ഒരു മാര്‍ഗ്ഗം.
കഴിഞ്ഞ ഒരു വര്‍ഷം പത്ത് ദശ ലക്ഷം റിയാല്‍ വില്‍പന ഉണ്ടെങ്കിലോ 50 തൊഴിലാളികള്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലോ ഇങ്ങനെ ഡിക്ലയര്‍ ചെയ്യുവാന്‍ സാധിക്കും.
എട്ട് ലക്ഷം റിയാലോ അല്ലെങ്കില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം റിയാലോ നല്‍കിയുള്ള പ്രിവിലേജഡ് ഇഖാമ കരസ്ഥമാക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. ഇതിലൂടെ മാത്രമേ ബിനാമി ഡിക്ലറേഷന്‍ വഴി പദവി ശരിയാക്കാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെ ശരിയാക്കുന്ന സ്ഥാപനം ട്രേഡിംഗ് മേഖലയിലുള്ളതാണ് വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ 27 മില്യണ്‍ റിയാല്‍ കാപിറ്റല്‍ കാണിക്കേണ്ടതുണ്ട്. ഇതില്‍ പരമാവധി 75 ശതമാനം വിദേശിയുടെ പേരിലും ബാക്കി 25 ശതമാനം സ്വദേശിയുടെ പേരിലുമായിരിക്കണം. അതായത്, ഏകദേശം 20 മില്യണ്‍ റിയാല്‍ വിദേശിയുടെ പേരിലും ഏഴു മില്യനടുത്ത് സ്വദേശിയുടെ പേരിലും.
വര്‍ഷത്തില്‍ 62,000 റിയാലാണ് നിക്ഷേപ മന്ത്രാലയത്തില്‍ (MISA) അടക്കേണ്ട ഫീ. ഇതിന് പുറമേ, സ്വദേശിയുടെ പേരിലുള്ള 25 ശതമാനം കാപിറ്റലിന് രണ്ടര ശതമാനം സകാത്ത് കൂടി വര്‍ഷത്തില്‍ നിര്‍ബന്ധിത ബാധ്യതയാവും. ഇതോടൊപ്പം വാര്‍ഷിക ലാഭത്തിന്റെ 20 ശതമാനം സകാത്ത് ആയി അടക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ സ്ഥാപനത്തിന്റെ പൂര്‍ണ്ണ അധികാരവും നിയന്ത്രണവും വിദേശിയുടെ പേരിലാകുന്ന രീതിയില്‍ സൗദിയില്‍ ബിസിനസ് ചെയ്യാം. 25 ശതമാനം ഇന്‍വെസ്റ്റ് ചെയ്യുന്ന സ്വദേശിയെ സ്ലീപ്പിംഗ് പാര്‍ട്ട്ണര്‍ ആക്കിയാല്‍ മതിയാവും.
നൂറു ശതമാനം സ്വന്തം പേരില്‍ സ്ഥാപനം തുടങ്ങുവാനുള്ള അനുവാദവും വിദേശികള്‍ക്കുണ്ട്. ട്രേഡിംഗ് ബിസിനസില്‍ 100 ശതമാനം വിദേശി നിക്ഷേപം ആണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 300 മില്യണ്‍ നിക്ഷേപം നടത്തേണ്ടി വരും.
ഡിക്ലയര്‍ ചെയ്ത് പദവി ശരിക്കാന്‍ സാധിക്കാത്തവര്‍ക്ക് മുന്നിലുള്ള മറ്റൊരു വഴി വിദേശത്തെ സ്ഥാപനത്തിന്റെ ഇന്റര്‍നാഷണല്‍ ബ്രാഞ്ച് ആയി ഇവിടെ സ്ഥാപനം ആരംഭിക്കുക എന്നതാണ്. ഇതിന് ബിനാമി ഡിക്ലറേഷനിലൂടെ ലഭിക്കുന്ന അഞ്ച് വര്‍ഷം സയമയമെന്ന രാജ കാരുണ്യം ലഭിക്കില്ല. വലിയ മുതല്‍ മുടക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയിലേക്ക് എത്തേണ്ടിവരും. ട്രേഡിംഗില്‍ വിദേശിയുടെ നിക്ഷേപ തുകയായ 20 മില്യണ്‍ റിയാല്‍ അല്ലെങ്കില്‍ അതിന് സമാനമായ ചരക്കുകള്‍ വിദേശത്ത് നിന്നും സൗദിയില്‍ എത്തിക്കേണ്ടിവരും.
ഹോട്ടല്‍, പ്രൊഡക്്ഷന്‍, മാനുഫാക്ച്ചറിംഗ്, ബാര്‍ബര്‍ഷോപ്പ് അടക്കമുള്ള സര്‍വ്വീസ് മേഖലകളിലുള്ളവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്. ഡിക്ലയര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് അതേ ചെലവില്‍ നാട്ടില്‍നിന്ന് കമ്പനിയുടെ ബ്രാഞ്ച് കൊണ്ടുവരാം. ട്രേഡിംഗില്‍ ആവശ്യമായത് പോലെ ഭീമയമായ കാപിറ്റല്‍ ഇവിടെ ആവശ്യമില്ല. ഒരു ലക്ഷം റിയാല്‍ മുതലുള്ള കാപിറ്റല്‍ മാത്രമേ ആവശ്യമുള്ളൂ. നൂറ് ശതമാനം സ്വന്തം പേരില്‍ സ്ഥാപനം ആരംഭിക്കുകയും ചെയ്യാം. ലാഭത്തിന്റെ 20 ശതമാനമാണ് സകാത്ത് നല്‍കേണ്ടത്. വര്‍ഷത്തില്‍ സ്ഥിരം ചെലവ് അധികമായി വരുന്നത് മിസ MISA (നേരത്തെ SAGIA) ഫീ ആയ 62,000 റിയാലാണ്.
ഇതിനാവശ്യമായ രജിസ്‌ട്രേഷന്‍ നടപടികള്‍ നേരിട്ട് ചെയ്യുകയാണെങ്കില്‍ വളരെ കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. എല്ലാ സഹായത്തിനും മിസ ഓഫീസും അവരുടെ കസ്റ്റമര്‍ സര്‍വ്വീസും സജ്ജമാണ്. അതേസമയം, ഇത്തരം സഹായം ചെയ്യുന്നതിനായി ധാരാളം പരിചയ സമ്പന്നരായ ആളുകളും ഉയര്‍ന്ന ഫീസ് വാങ്ങി രംഗത്തുണ്ട്. അതിനപ്പുറം മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി ധാരാളം ഏജന്റുമാരും രംഗത്തുണ്ട്. ഭീമമായ തുകകളാണ് ഏജന്റുമാര്‍ കൈക്കലാക്കുന്നത്.
നിയമ വിധേയമായി പ്രവര്‍ത്തിക്കുവാന്‍ മലയാളികള്‍ സ്വീകരിച്ചിരിക്കുന്ന മറ്റൊരു മാര്‍ഗമാണ് ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്നുകൊണ്ട് കമ്പനി രൂപീകരിക്കുകയും അതിനു താഴെ ഓരോ ബ്രാഞ്ചുകള്‍ ആയി നിലവിലെ ബിസിനസ് നടത്തുകയും ചെയ്യുക എന്നത്. ട്രേഡിംഗ് മേഖലയിലുള്ളവര്‍ക്ക് ഇത് നല്ല സാമ്പത്തിക ലാഭം ഉണ്ടാക്കും. എന്നാല്‍ സര്‍വ്വീസ്, റസ്‌റ്റോറന്റ് മേഖലയിലുള്ളവര്‍ക്ക് സ്വന്തം പേരില്‍ തുടങ്ങുന്നത് തന്നെയാവും അഭികാമ്യം.
മറ്റ് സ്ഥാപനങ്ങളുടെ കീഴില്‍ തന്റെസ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നവര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുമുണ്ട്. കൃത്യമായ നിയന്ത്രണം ഇല്ലെങ്കില്‍ സ്ഥാപനം ബ്ലോക്ക് ആകുന്നതിനുള്ള സാധ്യത ഏറെയാണ്. മെയിന്‍ കമ്പനിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിന് ഏതെങ്കിലും രീതിയില്‍ വന്‍ തുക പിഴശിക്ഷ വരികയും ഉടമ അടക്കാതിരിക്കുകയും ചെയ്താല്‍ എല്ലാ സ്ഥാപനങ്ങളെയും ബാധിക്കും. എല്ലാവരുടെയും മൂല്യവര്‍ധിത നികുതി-വാറ്റ് രജിസ്‌ട്രേഷന്‍ ഒറ്റ അക്കൗണ്ടില്‍ ആയിരിക്കും. ആര് വീഴ്ച വരുത്തിയാലും അത് മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കം. മാത്രമല്ല, ആരുടെ പേരിലാണോ സ്ഥാപനം അവരുടെ ഉടമസ്ഥതയിലാവും ചേര്‍ക്കപ്പെടുന്ന മറ്റു സ്ഥാപനങ്ങളും. അതുകൊണ്ട് വളരെ സൂക്ഷ്മത ഇക്കാര്യത്തില്‍ ആവശ്യമാണ്.