- ഗ്രൂപ്പ് മറന്ന് എല്ലാവരും സുധാകര വിരുദ്ധ പക്ഷത്ത്
തിരുവനന്തപുരം- കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകനോടുള്ള അസംതൃപ്തി കോൺഗ്രസിൽ ശക്തിപ്പെടുന്നു. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ ഉടൻ അവസാനിക്കില്ലെന്ന സൂചന നൽകുന്നതാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ യുദ്ധപ്രഖ്യാപനം.
ഗ്രൂപ്പ് നേതാക്കൾക്കൊപ്പം മുതിർന്ന നേതാക്കളും രംഗത്തുവന്നത് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുൻ കെ.പി.സി.സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനുമാണ് സുധാകരനെതിരെ ഇന്നലെ ആഞ്ഞടിച്ചത്.
വിമർശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നതെന്നും പക്ഷെ മൗനം വാചാലമാണ്, കൂടുതൽ പറയിപ്പിക്കരുതെന്നുമുള്ള താക്കീത് നൽകിയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പുനഃസംഘടന നടത്തുന്നത് രാഷ്ട്രീയമായി അധാർമികമാണ്. വൈരാഗ്യബുദ്ധിയോടെ ആരോടും ഇന്നുവരെ പെരുമാറിയിട്ടില്ല.
പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞ കെ. സുധാകരൻതന്നെ അത് ലംഘിച്ചുവെന്ന് വി.എം. സുധീരൻ വിമർശിച്ചു. അദ്ദേഹം തന്നെ പാർട്ടിക്കാരെക്കുറിച്ചും സഹപ്രവർത്തകരെക്കുറിച്ചും പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. മുൻഗാമികൾക്കെതിരായ വിമർശനം കസേരയുടെ അന്തസിന് ചേരാത്തതാണെന്നും സുധീരൻ പറഞ്ഞു. വൈരാഗ്യ ബുദ്ധിയോടെയാണ് നേതാക്കൾ പെരുമാറുന്നതെന്ന് കെ. സുധാകരൻ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇരുനേതാക്കളും ഇന്നലെ രംഗത്തുവന്നത്.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടനയുമായി കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ മുന്നോട്ട് പോകുന്നതിനെ മറുവിഭാഗം ഒറ്റക്കെട്ടായാണ് എതിർക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലും സുധാകരനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ഗ്രൂപ്പ് നേതാക്കൾ ശ്രമിച്ചത്.
പുനഃസംഘടന പൂർത്തിയായാൽ എ.ഐ.സി.സി സംഘടനാ തെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ചേക്കാമെന്നതാണ് മറുവിഭാഗത്തെ അലോസരപ്പെടുത്തുന്നത്. കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നിലവിൽ സംസ്ഥാന നേതൃത്വത്തിനൊപ്പമാണ്. അതു കൊണ്ടു തന്നെ ഹൈക്കമാന്റ് പ്രഖ്യാപിച്ചിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടേക്കാം. അതിനാലാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ സുധാകര വിരുദ്ധപക്ഷം ഒറ്റക്കെട്ടായി പുനഃസംഘടനയെ എതിർക്കുന്നത്.