- പൊന്നാനിയിലും പെരിന്തൽമണ്ണയിലും കടുത്ത അതൃപ്തി
മലപ്പുറം- നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ ഗ്രൂപ്പ് പോര് മലപ്പുറം ജില്ലയിലെ സി.പി.എമ്മിനുള്ളിൽ മൂർച്ഛിക്കുന്നു.
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പൊന്നാനിയിലും പെരിന്തൽമണ്ണയിലുമാണ് പാർട്ടിക്കുള്ളിൽ തർക്കങ്ങൾ പരസ്യമായി പുറത്തു വരുന്നത്.
പാർട്ടി സമ്മേളനങ്ങളിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.
പൊന്നാനിയിലും പെരിന്തൽമണ്ണയിലും നിയമസഭാ തെരഞ്ഞെടുപ്പു കാലത്തുണ്ടായ തർക്കങ്ങൾ മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് വരെ എത്തി നിൽക്കുകയാണ്. പൊന്നാനിയിൽ ജനകീയ നേതാവായ ടി.എം. സിദ്ദീഖിനെതിരെയും പെരിന്തൽമണ്ണയിൽ പാർട്ടിയുടെ ശക്തനായ നേതാവ് വി. ശശികുമാറിനെതിരെയുമുണ്ടായ തരംതാഴ്ത്തൽ നടപടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പാർട്ടി സമ്മേളനങ്ങളിൽ ഇത് ജില്ലാ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
പൊന്നാനിയിൽ ടി.എം. സിദ്ദീഖിനെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച നടപടി ഈ പ്രദേശത്തെ പാർട്ടി പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിൽ പരസ്യമായ പ്രകടനം നടന്നിരുന്നു. സി.പി.എം ജില്ലാ നേതൃത്വം പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച സമയത്താണ് സിദ്ദീഖിന് വേണ്ടി വാദിച്ച് പരസ്യപ്രകടനം നടന്നത്. സി.പി.എമ്മിൽ ഇത്തരം പ്രകടനങ്ങൾ കടുത്ത അച്ചടക്ക ലംഘനമായതിനാൽ തെരഞ്ഞെടുപ്പിന് ശേഷം സിദ്ദീഖ് ഉൾപ്പടെ ഏതാനും പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നടപടിക്കെതിരെ പൊന്നാനിയിൽ ഇപ്പോഴും സി.പി.എം പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്.
മുൻ പൊന്നാനി എം.എൽ.എയും സ്പീക്കറുമായിരുന്ന പി. ശ്രീരാമകൃഷ്ണനെതിരെയാണ് പൊന്നാനിയിൽ പ്രതിഷേധമുയരുന്നത്. ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ വീണ്ടും സ്ഥാനാർഥിയാകാൻ ചരടുവലികൾ നടത്തിയിരുന്നതായും അത് നടക്കാതെ പോയതോടെ ടി.എം. സിദ്ദീഖിനെ ഒതുക്കാൻ ശ്രമങ്ങൾ നടത്തിയതായുമാണ് സിദ്ദീഖ് അനുകൂലികൾ പ്രചരിപ്പിക്കുന്നത്.
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരിച്ചുപോയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീരാമകൃഷ്ണൻ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനുള്ള പ്രതികരണമായി നിറഞ്ഞത് പൊന്നാനിയിലെ സി.പി.എം.പ്രവർത്തകരുടെ വിമർശനങ്ങളാണ്. 35 വർഷം പാർട്ടിയിൽ പ്രവർത്തിച്ച് ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ വരെയായ പൊന്നാനിയിലെ ജനപ്രിയ നേതാവ് ടി.എം. സിദ്ദീഖിനെ തരം താഴ്ത്താൻ ശ്രീരാമകൃഷ്ണൻ ശ്രമിച്ചെന്ന ആരോപണമാണ് പാർട്ടി പ്രവർത്തകർ പ്രധാനമായും ഉന്നയിക്കുന്നത്. പൊന്നാനിയിലെ സി.പി.എമ്മിനുള്ള വളരുന്ന ഗ്രൂപ്പിസമാണ് ശ്രീരാമകൃഷ്ണന്റെ പോസ്റ്റിനുള്ള പ്രതികരണങ്ങൾ പ്രധാനമായും വെളിവാക്കുന്നത്. സിദ്ദീഖിന് വേണ്ടി പൊന്നാനിയിൽ നടന്ന പ്രകടനത്തിന്റെ പേരിൽ പാർട്ടി ഭാരവാഹികൾക്കെതിരെയാണ് നടപടി വേണ്ടതെന്നും എന്നാൽ ജില്ല, സംസ്ഥാന നേതൃത്വം ഒത്തുകളിച്ച് സിദ്ദീഖിനെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും വിമർശനങ്ങളുണ്ട്. പാർട്ടിയുടെ പ്രാദേശിക സമ്മേളനങ്ങളിൽ സിദ്ദീഖിനെതിരായ നടപടി സജീവ ചർച്ചാ വിഷയമാണ്.
പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇടതു സ്വതന്ത്രസ്ഥാനാർഥിയായിരുന്ന കെ.പി. മുസ്തഫ പരാജയപ്പെട്ടതിന് പിന്നാലെയാണ് സി.പി.എമ്മിലെ പ്രമുഖ നേതാക്കൾക്കെതിരെയാണ് പാർട്ടി നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്. മുൻ എം.എൽ.എയും പാർട്ടിയുടെ ജില്ലാ നേതാവുമായിരുന്ന വി. ശശികുമാറിനെ സ്ഥാനാർഥിയാക്കണമെന്ന് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വലിയൊരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുസ്‌ലിം ലീഗിന്റെ മുൻ നേതാവായ കെ.പി. മുസ്തഫക്ക് സീറ്റ് നൽകാനാണ് സി.പി.എം നേതൃത്വം തീരുമാനിച്ചത്. പെരിന്തൽമണ്ണ സീറ്റ് പാർട്ടി വിൽപന നടത്തിയെന്ന ഗുരുതരമായ ആരോപണം വരെ ഉയർന്നിരുന്നു. മുസ്തഫക്ക് വേണ്ടി മണ്ഡലത്തിലെ നേതാക്കളിൽ ചിലർ പ്രചാരണത്തിന് ഇറങ്ങിയില്ലെന്ന പരാതിയും വ്യപാകമായി ഉയർന്നു. കുറഞ്ഞ വോട്ടുകൾക്ക് മുസ്തഫ പരാജയപ്പെട്ടത് മണ്ഡലത്തിലെ പാർട്ടി നേതാക്കൾക്കിടയിലെ ഗ്രൂപ്പിസം മൂലമാണെന്ന് വിലയിരുത്തലുകളുണ്ടായി. ഇതേ തുടർന്നാണ് മണ്ഡലത്തിലെ പ്രമുഖരായ നേതാക്കൾ ഉൾപ്പടെ അച്ചടക്ക നടപടികൾക്ക് വിധേയരായത്.
പാർട്ടിയുടെ പ്രാദേശിക സമ്മേളനങ്ങളിൽ പൊന്നാനിയും പെരിന്തൽമണ്ണയും സജീവ ചർച്ചയായതോടെ ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിനെതിരെ വിമർശനങ്ങൾ വ്യാപിക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ എടുത്ത നിലപാടുകൾ കടുത്ത വിമർശനമാണ് നേരിടാനിരിക്കുന്നത്. ജനപ്രീതിയുള്ള നേതാക്കളെ ഒഴിവാക്കി സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് താൽപര്യങ്ങളും വ്യക്തിതാൽപര്യങ്ങളും കടന്നു കൂടിയത് സമ്മേളന പ്രതിനിധികൾ ചോദ്യം ചെയ്തു വരികയാണ്.
പാർട്ടി നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ പ്രമുഖ നേതാക്കൾക്കെതിരെ പോലും അച്ചടക്ക നടപടിയെടുത്തതും കടുത്ത വിമർശനങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്.






