കോഴിക്കോട് - മാധവിക്കുട്ടിയുടെ ജീവിതകഥയായ ആമി സിനിമയിലെ അക്ബർ അലി എന്ന കഥാപാത്രം വിവാദത്തിലേക്ക്. ഹംഗർഥാൻ തൊപ്പിയും മേൽക്കുപ്പായവും വട്ടക്കണ്ണടയുമെല്ലാം വെച്ചു കേരളത്തിലെ ഒരു പ്രഗത്ഭ രാഷ്ട്രീയ നേതാവിനെ ഓർമപ്പിക്കുകയാണ് ഈ കഥാപാത്രം. മാധവിക്കുട്ടി കമലാസുരയ്യയായി മാറിയതിന് പിന്നിൽ ഈ നേതാവാണെന്ന ഊഹാപോഹങ്ങൾ വർഷങ്ങളായി പ്രചരിക്കുന്നുണ്ട്.
നേരത്തെ മാധവിക്കുട്ടിയുടെ മതംമാറ്റ സംബന്ധമായ കാര്യങ്ങൾ സത്യസന്ധമായായിരിക്കില്ല, കമൽ എന്ന കമാലുദ്ദീൻ ആമി സിനിമയിൽ അവതരിപ്പിക്കുകയെന്ന് പറഞ്ഞ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നതിന് മുൻപേ സംഘ്പരിവാർ സംഘടനകൾ കമലിനെതിരെ രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കൊടുങ്ങല്ലൂരിലെ വീടിനുമുന്നിൽവരെ പ്രതിഷേധവുമായി ഇവർ രംഗത്തെത്തിയിരുന്നു.
യു.ഡി.എഫിലെ ഒരു രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഈ നേതാവാണ് മാധവിക്കുട്ടിയെ പ്രണയിപ്പിച്ച് മതംമാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് നേരത്തെ സംഘ്പരിവാർ സംഘടനകളിൽപ്പെട്ട പലരും പരസ്യമായി പറഞ്ഞിരുന്നു. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്ററായ ലീലമേനോനും സമാനമായ രീതിയിൽ ലേഖനമെഴുതിയിരുന്നു.
എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നിരിക്കെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ആമിയിൽ ഈ നേതാവിനോടുള്ള പ്രേമം കാരണമാണ് മാധവിക്കുട്ടി മതംമാറിയതെന്ന് പറഞ്ഞിരിക്കുന്നത്. യുവനടൻ അനൂപ് മേനോനാണ് അക്ബർ അലി എന്ന നേതാവിന്റെ കഥാപാത്രമായത്.
ഉറുദുവിൽ വാചാലമായി പ്രസംഗിക്കുന്ന ഇന്ദ്രപ്രസ്ഥത്തിൽ സ്ഥിരസാന്നിധ്യമായ രണ്ടു കല്യാണം കഴിച്ച അക്ബർ അലി എന്ന കഥാപാത്രം വലിയ ഗസൽപ്രേമിയാണെന്ന് ഈ സിനിമയിലൂടെ പറയുന്നുണ്ട്. തന്റെ പ്രസംഗങ്ങളിൽ ഖുർആനും ബൈബിളും ഭഗവത്ഗീതയും സുന്ദരമായി പറയാൻ കഴിയുന്ന ആളാണ് ഈ കഥാപാത്രം. ഇങ്ങനെയെല്ലാം നിലവിലുള്ള ഒരു രാഷ്ട്രീയ നേതാവിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മാധവിക്കുട്ടി കമലാ സുരയ്യയായത് അഭിപ്രായമാറ്റം കൊണ്ടല്ല, മറിച്ച് ഈ നേതാവ് കല്യാണം കഴിക്കാമെന്നു പറഞ്ഞതുകൊണ്ടാണെന്ന സംഘ്പരിവാർ സംഘടനകളുടേതടക്കമുള്ള ആരോപണം ശരിയാണെന്നാണ് സിനിമ പറയുന്നത്. ഇതുകൊണ്ടുതന്നെയായിരിക്കാം നേരത്തെ ഏറെ കോലാഹലങ്ങൾ ഉണ്ടാക്കിയ സംഘ്പരിവാർ സംഘടനകളെല്ലാം തന്നെ സിനിമ പുറത്തിറങ്ങിയ ശേഷം യാതൊരു പ്രതിഷേധവുമായി രംഗത്തുവന്നിട്ടില്ലെന്നുള്ളതു തന്നെയാണ് ആരെയോ തൃപ്തിപ്പെടുത്താനുള്ള നീക്കമായി ഇത് ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്നത്.
കേരള ലിറ്ററേച്ചർ ഫെസ്റ്റിനോടനുബന്ധിച്ച് ഇന്നലെ കോഴിക്കോട് ആമി സിനിമയുമായി ബന്ധപ്പെട്ട മുഖാമുഖം നടന്നിരുന്നു.
ആർക്കോ വേണ്ടി താങ്കൾ സിനിമയിൽ മാറ്റങ്ങൾ വരുത്തിയെന്നതടക്കമുള്ള പരാമർശങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ നേരത്തെ ഉദ്ദേശിച്ച കഥയിൽനിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഇത് ഉത്തരേന്ത്യയല്ല, കേരളമാണെന്നുമായിരുന്നു കമലിന്റെ മറുപടി.