ഇടുക്കി- മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് കേരളം അനുമതി നല്‍കിയത് വനംവകുപ്പ് മന്ത്രി അറിയാതെ. വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് മന്ത്രി എ.കെ. ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് മരംമുറിക്ക് കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍ ഈ ഉത്തരവിനെ കുറിച്ച് വനംവകുപ്പ് മന്ത്രി പോലും അറിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മരം മുറി വാര്‍ത്തയായതോടെ മന്ത്രി വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.






