റിയാദ് - റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും മുന്‍ ആരോഗ്യ മന്ത്രിയും സൗദിയില്‍ സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കല്‍ സംഘം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ പിതാവും അല്‍റബീഅ കുടുംബത്തിന്റെ കാരണവരുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍റബീഅ അന്തരിച്ചു. നിലവിലെ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയുടെ പിതൃസഹോദരന്‍ കൂടിയാണ് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍റബീഅ. പിതൃസഹോദരന്റെ നിര്യാണ വാര്‍ത്ത ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. റിയാദിലെ അല്‍ജൗഹറ അല്‍ബാബത്തീന്‍ മസ്ജിദില്‍ വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി അല്‍ശിമാല്‍ ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.