കോഴിക്കോട്- കെ.എസ്.ആർ.ടി.സി ടെർമിനിൽ നടത്തിപ്പ് കരാറെടുത്ത അലിഫ് ബിൽഡേഴ്സിനെതിരെ കേസ്.
കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. അഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പ്രവാസിയായ മുഹമ്മദ് യൂനുസ് നൽകിയ പരാതിയിലാണ് കേസ്.
സൗദി അറേബ്യയിൽ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും പിന്നീട് ഈ പണം കെ.എസ്.ആർ.ടി.സി ടെർമിനൽ കരാറിനായി ഉപയോഗിച്ചെന്നുമാണ് പരാതി. അലിഫ് ബിൽഡേഴ്സ് എം.ഡി മൊയ്തീൻ കോയ ഉൾപ്പെടെ രണ്ട് പേർക്കെതിരെയാണ് കേസ്. വ്യാജരേഖ കാട്ടിയാണ് പണം വാങ്ങിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ഛയം അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് നൽകിയതിൽ ഒത്തുകളി നടന്നെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
കോഴിക്കോട് നഗരത്തിലെ ഏറ്റവും കണ്ണായ പ്രദേശമാണ് മാവൂർറോഡ്. പ്രധാന വാണിജ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഇവിടെയാണ് നഗരത്തിൽ ഏറ്റവും ഉയർന്ന വാടകയീടാക്കുന്ന കെട്ടിടങ്ങളുമുള്ളത്. കെ.എസ്.ആർ.ടി.സി കോംപ്ലക്സിൽ ബസ് സ്റ്റാന്റിന് സമീപമുളള 280 സ്‌ക്വയർഫീറ്റ് സ്ഥലം കെ.ടി.ഡി.എഫ്.സി കഴിഞ്ഞ വർഷം വാടകയ്ക്ക് നൽകിയത് സ്‌ക്വയർഫീറ്റിന് മാസം 1600 രൂപയ്ക്കാണ്. ഇതേ കെട്ടിടത്തിന്റെ ബാക്കിയുളള ഭാഗങ്ങൾ അലിഫ് ബിൽഡേഴ്സിന് നൽകിയതാവട്ടെ സ്‌ക്വയർഫീറ്റിന് 13 രൂപയ്ക്കും.
കെ.എസ്.ആർ.ടി.സി സ്റ്റാന്റിനേക്കാൾ വാണിജ്യ സമുച്ഛയത്തിനാണ് കെ.ടി.ഡി.എഫ്.സി പ്രാധാന്യം നൽകിയതെന്നതിന്റെ നിരവധി തെളിവുകളും ഇവിടെയുണ്ട്. താഴത്തെ നിലയിലെ മൂന്ന് തൂണുകൾ ചെറുതാക്കിയാണ് ഇവിടെ എസ്‌കലേറ്ററുകൾ സ്ഥാപിച്ചത്. 13 നിലകളുളള കെട്ടിടത്തിന്റെ താഴെയുള്ള രണ്ട് നിലകളിലെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്നാണ് ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് നല്കിയിരുന്നു.
മൂന്ന് വട്ടം ടെൻഡർ ചെയ്തിട്ടും കെട്ടിടം വാടകയ്ക്ക് പോകാത്ത സാഹചര്യത്തിലാണ് കൂടുതൽ തുക ക്വാട്ട് ചെയ്ത അലിഫ് ബിൽഡേഴ്സിന് നടത്തിപ്പ് ചുമതല കൈമാറിയതെന്ന് കെ.ടി.ഡി.എഫ്.സി അധികൃതർ പറയുന്നത്.
കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയം അലിഫ് ബിൽഡേഴ്സിന് പാട്ടത്തിന് സർക്കാർ കൈമാറിയത് ധനവകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും എതിർപ്പ് മറികടന്നാണ്. കെട്ടിട സമുച്ഛയം വെവ്വേറെ യൂണിറ്റുകളായി പാട്ടത്തിന് നൽകുന്നതാണ് ലാഭകരമെന്നായിരുന്നു ധനവകുപ്പിന്റെ നിർദ്ദേശം. വാണിജ്യ സമുച്ഛയത്തിന്റെ നടത്തിപ്പ് കെ.എസ്.ആർ.ടി.സിയെ ഏൽപ്പിക്കണമെന്ന നിർദ്ദേശമാണ് ഗതാഗത വകുപ്പ് മുന്നോട്ടു വെച്ചത്. എന്നാൽ ഈ രണ്ട് നിർദ്ദേശങ്ങളും തളളിയാണ് മന്ത്രിസഭ അലിഫ് ബിൽഡേഴ്സിന് കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതല നൽകിയത്.






