ഭോപ്പാൽ- 14 വർഷമായി മധ്യപ്രദേശിൽ അധികാരത്തിനു പുറത്തിരിക്കുന്ന കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതിന്റെ മുന്നോടിയായ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവൻ കെട്ടിടത്തിന്റെ വാസ്തു ദോഷങ്ങൾ നീക്കി. വാസ്തു വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് ഇന്ദിരാ ഭവനിലെ മൂന്ന് ശുചിമുറികളാണ് പൊളിച്ചു കളഞ്ഞത്. നാലു നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള പാർട്ടി വക്താവിന്റെ ഓഫീസിന് സമീപത്തുള്ള ശുചിമുറികളാണ് മാറ്റിയത്.
കെട്ടിടത്തിലെ വാസ്തു ദോഷം നീക്കം ചെയ്തിട്ടുണ്ടെന്നും ഇനി ദുശ്ശകുനങ്ങളൊന്നുമുണ്ടാകില്ലെന്നുമാണ് പാർട്ടി നേതാക്കൾ പറയുന്നത്. 2006ൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഭോപാലിലെ ശിവജിനഗറിലുള്ള ഈ കെട്ടിടം ഉൽഘാടനം ചെയ്തത.്
അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി പാർട്ടി ആസ്ഥാനം സജീവമാണിപ്പോൾ. ഈ തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ കോൺഗ്രസ് തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് പാർട്ടി വക്താവ് കെ കെ മിശ്ര പറയുന്നു. കെട്ടിടത്തിലെ വാസ്തു ദോഷങ്ങൾ നീക്കിയെങ്കിലും വിഭാഗീയതാ പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്നത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തലവേദനയായേക്കും. ഗ്രൂപ്പുകൾ പ്രകോപിതരാകുമെന്നതിനാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഒരു നേതാവിനെ ഉയർത്തിക്കാട്ടാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ മധ്യപ്രദേശിലെ കോൺഗ്രസ് നേതൃത്വം.