Sorry, you need to enable JavaScript to visit this website.

സൗദി ഭീകരരുടെ വിവരങ്ങള്‍ ലോകരാജ്യങ്ങളുമായി പങ്കുവെക്കുന്നു

റിയാദ് - വിദേശങ്ങളില്‍ കഴിയുന്ന സൗദി ഭീകരരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗദി അറേബ്യ ലോക രാജ്യങ്ങളുമായി പങ്കുവെക്കുന്നതായി സൗദി പ്രതിനിധി യു.എന്നില്‍ പറഞ്ഞു. 2001 ല്‍ 1,373-ാം നമ്പര്‍ പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗീകരിച്ചതിന്റെയും ഭീകര വിരുദ്ധ പോരാട്ട കമ്മിറ്റി സ്ഥാപിച്ചതിന്റെയും ഇരുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി, ഭീകര വിരുദ്ധ പോരാട്ട മേഖലയിലെ അന്തര്‍ദേശീയ സഹകരണം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പ്രത്യേക യോഗത്തില്‍ യു.എന്നിലെ സൗദി ഡെപ്യൂട്ടി പ്രതിനിധി മുഹമ്മദ് അല്‍അതീഖ് ആണ് ഇക്കാര്യം പറഞ്ഞത്.
നിരവധി രാജ്യങ്ങളുമായും സംഘടനകളുമായും ഭീകര വിരുദ്ധ പോരാട്ട മേഖലയിലെ വിവരങ്ങള്‍ സൗദി അറേബ്യ പങ്കുവെക്കുന്നുണ്ട്. ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങള്‍ വിവര സഹകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നതിനാല്‍, ലോകത്തിന്റെ മുഴുവന്‍ സുരക്ഷയും മുന്‍നിര്‍ത്തി, വിദേശങ്ങളില്‍ കഴിയുന്ന സൗദി ഭീകരരുടെ പേരുവിവരങ്ങളും ബയോമെട്രിക് വിവരങ്ങളും മറ്റു രാജ്യങ്ങളുമായി സൗദി അറേബ്യ പങ്കിടുന്നുണ്ട്. ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ മാതൃക മറ്റു രാജ്യങ്ങള്‍ പിന്തുടരണം.
ഭീകര വിരുദ്ധ പോരാട്ടം, ഭീകരതക്ക് സാമ്പത്തിക സഹായം നല്‍കല്‍ ചെറുക്കല്‍, തീവ്രവാദ വിരുദ്ധ പോരാട്ടം എന്നീ മേഖലകളില്‍ മറ്റു രാജ്യങ്ങളുമായും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുമായും യു.എന്‍ സംഘടനകളുമായും സൗദി അറേബ്യ ശക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. 1,373-ാം നമ്പര്‍ പ്രമേയം അടക്കമുള്ള രക്ഷാ സമിതി പ്രമേയങ്ങള്‍ വേഗത്തിലും കാര്യക്ഷമായും നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, ഭീകര വിരുദ്ധ പോരാട്ടവുമായും ഭീകരതക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ചെറുക്കുന്നതുമായും ബന്ധപ്പെട്ട രക്ഷാ സമിതി പ്രമേയങ്ങള്‍ നടപ്പാക്കാനും ഇത് നിരീക്ഷിക്കാനും ഇക്കാര്യത്തില്‍ ദേശീയ നയങ്ങള്‍ ഏകോപിപ്പിക്കാനും 2002 മുതല്‍ സൗദി അറേബ്യ സ്ഥിരം ദേശീയ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് അല്‍അതീഖ് പറഞ്ഞു.

 

 

Latest News