ന്യൂദല്‍ഹി- ശൈത്യകാലത്തിന്റെ തുടക്കത്തില്‍ ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരാവസ്ഥയിലായി. ദീപാവലിക്ക് നിരോധം മറികടന്നും ആളുകള്‍ വ്യാപകമായി പടക്കം പൊട്ടിച്ചതാണ് സ്ഥിതി വഷളാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ദല്‍ഹിയില്‍ പലയിടങ്ങളിലും അന്തരീക്ഷ വായുവില്‍ വിഷാംശം ഉള്ളതായി കണ്ടെത്തി. നിരവധിപേര്‍ക്ക് ശ്വാസതടസവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. പ്രധാന ഹൈവേകളില്‍ പലതിലും ദൂരക്കാഴ്ച ഇല്ലാതിരുന്നതിനാല്‍ ഗതാഗതം തടസപെട്ടു. അന്തരീക്ഷ വായുവില്‍ കാണുന്ന സൂക്ഷ്മ കണികകളുടെ സാന്നിധ്യവും ക്രമാതീതമായി കൂടിയതായി കണ്ടെത്തി.
പൊതുവേ 2.5 മുതല്‍ 10 മൈക്രോ മീറ്റര്‍ വരെ വലുപ്പമുള്ള കണികകളാണ് വായുവില്‍ ഉണ്ടാകാറുള്ളത്. ഇതില്‍ 2.5 മൈക്രോമീറ്റര്‍ വ്യാസമുള്ള കണികകള്‍ ഹൃദയ സംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങള്‍ക്ക് കാരണമാകും. അന്തരീക്ഷ വായുവിന്റെ ഒരു ഘനമീറ്റര്‍ വ്യാപ്തത്തില്‍ 25 വരെയാണ് കണികകളുടെ സുരക്ഷിതമായ അളവ് എന്നാല്‍ ഇന്നലെ ദല്‍ഹിയിലെ പല സ്ഥലങ്ങളിലും ഇത് ആയിരത്തിന് മുകളിലെത്തി. ശ്വാസകോശ അര്‍ബുദത്തിന്‌പോലും കാരണമായേക്കാവുന്ന അളവാണിത്. ശൈത്യകാലത്തെ മൂടല്‍ മഞ്ഞിന്റെ സാന്നിധ്യവും കാറ്റിന്റെ വേഗം കുറഞ്ഞതും വായുവിലെ ജലാംശവും മലിനീകരണത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു.
ലോകത്ത് ഏറ്റവുമധികം വായു മലിനീകരണം കാണപ്പെടുന്ന തലസ്ഥാനമാണ് ദല്‍ഹി. ശൈത്യകാലത്ത് അന്തരീക്ഷ വായുവിന്റെ നിലവാരം ദല്‍ഹിയില്‍ പൊതുവേ താഴേക്ക് പോകാറുണ്ട്. അന്തരീക്ഷ വായുവിന്റെ നിലവാരം അളക്കുന്നതിന് പൂജ്യം മുതല്‍ 500 വരെയുള്ള പോയന്റുകളാണ് ഉപയോഗിക്കുന്നത്. സംഖ്യ പൂജ്യത്തില്‍നിന്നു മുകളിലേക്ക് പോകുന്നത് അനുസരിച്ച് വായുവിന്റെ നിലവാരം കുറഞ്ഞു വരുന്നു. പൂജ്യം മുതല്‍ 50 വരെയുള്ള സംഖ്യകള്‍ മികച്ച അന്തരീക്ഷ വായുവിനെ സൂചിപ്പിക്കുന്നു. 51 മുതല്‍ 100 വരെയാണ് സൂചികയെങ്കില്‍ വായുവിന്റെ നിലവാരം തൃപ്തികരമാണ്. 101 നും 200 നും ഇടയില്‍ സൂചിക വന്നാല്‍ വായുവിന്റെ നിലവാരം ശരാശരിയില്‍ എത്തി നില്‍ക്കുന്നുവെന്ന് മനസിലാക്കാം. 200 മുതല്‍ 300 വരെ മോശമെന്നും 300നും 400നും ഇടയില്‍ എത്തിയാല്‍ വളരെ മോശമെന്നും 400ന് മുകളിലേക്ക് പോയാല്‍ അപകടകരം എന്നുമാണ് മനസ്സിലാക്കേണ്ടത്.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ 382ല്‍ എത്തിയ അന്തരീക്ഷ വായുവിന്റെ നിലവാരം രാത്രി ഒന്‍പതു മണിയോടെ 400 കടന്നു. ദല്‍ഹിയുടെ സമീപ പ്രദേശങ്ങളായ ഫരീദാബാദ്, ഗാസിയാബാദ്, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും വായു നിലവാര സൂചിക 400 കടന്നു. അടുത്ത മൂന്നു ദിവസങ്ങള്‍ക്ക് ശേഷം വായുവിന്റെ നിലവാരത്തില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് അറിയിച്ചു.