Sorry, you need to enable JavaScript to visit this website.

നോട്ടുനിരോധത്തിന് അഞ്ചുവര്‍ഷം, ലക്ഷ്യങ്ങളൊന്നും നടപ്പായില്ല

ന്യൂദല്‍ഹി- നോട്ടു നിരോധം നടപ്പാക്കി അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പ്രഖ്യാപിത ലക്ഷ്യങ്ങളുടെ പരിസരത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. ആളുകള്‍ക്കിടയിലെ കറന്‍സി വിനിമയം കുറച്ച് ക്യാഷ്‌ലെസ് സൊസൈറ്റി ആക്കി മാറ്റുമെന്നായിരുന്നു നോട്ട് നിരോധന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശ വാദം. എന്നാല്‍, രാജ്യത്ത് കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയങ്ങളില്‍ ഇക്കാലയളവില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിസര്‍വ് ബാങ്കിന്റെ തന്നെ കണക്കുകളില്‍നിന്നു വ്യക്തമാകുന്നത്. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച നോട്ടു നിരോധം രാജ്യത്തെ സാമ്പത്തിക രംഗത്തെയും സാധാരണ ജനജീവിത്തതെയും തകിടം മറിച്ചിരുന്നു.
2016 നവംബര്‍ എട്ടിനാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ടു നിരോധം പ്രഖ്യാപിച്ചത്. എന്നാല്‍, 2021 ഒക്ടോബര്‍ എട്ടു വരെയുള്ള കണക്കുകള്‍ അനുസരിച്ച് പൊതുജനത്തിന്റെ കൈവശമുള്ള കറന്‍സിയുടെ മൂല്യം 57.48 ശതമാനം വര്‍ധിച്ച് 28.30 ലക്ഷം കോടി രൂപയില്‍ എത്തി നില്‍ക്കുന്നു. 2016 നവംബറില്‍ പൊതുജനത്തിന്റെ കൈവശമുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം 17.97 ലക്ഷം കോടി ആയിരുന്നു. ഇതാണ് ഇപ്പോള്‍ കഴിഞ്ഞ ഒക്ടോബറിനുള്ളില്‍ 10.33 ലക്ഷം കോടി ഉയര്‍ന്നത്. 2016 നവംബര്‍ 25 മുതലുള്ള കാലയളവില്‍ ഈ തുകയില്‍ 211 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കുന്നത്.

 

 

Latest News