കണ്ണൂർ - കണ്ണൂർ സിറ്റിയിൽ മന്ത്രവാദ ചികിത്സയെത്തുടർന്ന് ബാലിക മരിച്ച പശ്ചാത്തലത്തിൽ, കേരളത്തിലെ വിവിധ ഗ്രാമ - നഗര പ്രദേശങ്ങളിൽ മതങ്ങളുടെ ലേബലിൽ തഴച്ചുവളരുന്ന ആത്മീയ ചികിത്സാ കേന്ദ്രങ്ങൾ അടച്ചുപൂട്ടിക്കയും നിയമ നടപടികളെടുക്കയും ചെയ്യണമെന്ന് കണ്ണൂർ സിറ്റി സ്നേഹതീരം കൂട്ടായ്മ ആവശ്യപ്പെട്ടു.
മന്ത്രിച്ച് ഊതൽ, ഏലസ്സ്, ഉറുക്ക്, ചരട് ഇവ ഉപയോഗിച്ച് വ്യാജ ചികിത്സ വ്യാപകമായി നടന്നു വരുന്നുണ്ട്. കണ്ണൂർ സിറ്റിക്ക ടുത്തെ കുറുവ, താണ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം മന്ത്രവാദ ചികിത്സ ടോക്കൺ നൽകിപ്പോലും നടന്നു വരുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തി നടപടിയെടുക്കാൻ അധികൃതർ തയ്യാറാവണം.
ഫാത്തിമ എന്ന പെൺകുട്ടിയുടെ മരണത്തെത്തുടർന്ന് ഈ സംഭവം വിവാദമായപ്പോൾ, നേരത്തെ നടന്ന സമാന മരണങ്ങളുമായി ബന്ധപ്പെട്ട് പരാതി നൽകിയവരെ സമ്മർദ്ദത്തിലാക്കി മൊഴി നൽകാതിരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നേരത്തെ സമാന രീതിയിൽ മരിച്ച ഇഞ്ചിക്കൽ അൻവർ എന്നയാളുടെ സഹോദരൻ നൗഷാദ് വിവരങ്ങൾ പറയാൻ മുന്നോട്ട് വന്നപ്പോൾ അയാളുടെ വായടച്ചു. അൻവർ അയാളുടെ ഭാര്യ വീട്ടിൽ വെച്ച് വ്യാജ ചികിത്സയെത്തുടർന്നാണ് മരിച്ചത്.
ഇപ്പോൾ ഉവൈസ് ഉസ്താദിനെ വെളളപൂശാനുള്ള വ്യാപകമായ ശ്രമങ്ങളാണ് നടത്തുന്നത്. ഈ സംഭവങ്ങളിൽ ഉസ്താദിന് പങ്കില്ലെന്നും, ചികിത്സ വേണ്ടെന്ന് വെച്ചത് ആ കുടുംബത്തിൻ്റെ തീരുമാനമാണെന്നുമാണ് പ്രചരിപ്പിക്കുന്നത്. അത്തരത്തിൽ ചികിത്സ എടുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഇത്തരമൊരു ചിന്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച ശക്തി ഏതെന്ന് കണ്ടെത്തണം. ഡോക്ടറെ കാണരുത്, ചികിത്സിക്കരുത് എന്ന മനോഭാവം അന്വേഷിക്കണം.
മതത്തിൻ്റെ പേരിലും മറവിലുമാണ് ഈ സംഭവങ്ങൾ പലതും നടക്കുന്നത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉവൈസ് ഉസ്താദ് ജോലി ചെയ്യുന്ന കുഞ്ഞിപ്പള്ളിയിൽ നിന്നടക്കം ഇയാൾക്കെതിരെ നടപടിയെടുക്കാൻ പള്ളി അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല. ഉവൈസ് ഉസ്താദിൻ്റെ മതപഠന യോഗ്യത സംബന്ധിച്ചും സംശയങ്ങൾ ഏറെയുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങൾ പഠനകാലത്ത് തന്നെ ആരംഭിച്ചതിനാൽ ഇദ്ദേഹത്തിന് മത പഠനം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. പിന്നിട് ഗൾഫിൽ ജോലിക്ക് പോയി തിരികെ വന്ന ശേഷമാണ് മത അധ്യാപകനായത്.
സിറ്റി സ്നേഹതീരം തീരം വാട്സപ്പ് ഗ്രൂപ്പ് ഈ വിഷയത്തിൽ സജീവ ഇടപെടലുകളാണ് നടത്തുന്നത്. ഈ വിഷയം ഏതെങ്കിലുമൊരു പുരോഹിതനിലോ മുസ്ലിം സമുദായത്തിലെ ഏതെങ്കിലും വിഭാഗത്തെയും ഒരുക്കാനും പഴിക്കാനും കക്ഷി സംഘടനകൾ തമ്മിലെ പോരാക്കി മാറ്റാനും ആഗ്രഹിക്കുന്നില്ല. ഇസ്ലാ
മിൽ ഇത്തരമൊരു ചികിത്സാ രീതിയില്ല. പ്രാർത്ഥനയും കർമ്മവും ചേർത്തതാണ് ഇസ്ലാമിലെ ആതുര ശുശ്രൂഷ.
വൈദ്യശാസ്ത്രം മത വിരുദ്ധമല്ല. അങ്ങിനെ വരുത്തി തീർത്ത് ഉപജീവനം നടത്തുന്ന വ്യാജ മതവാദത്തിന്റെ ഭാഗമാണ് മന്ത്രവാദം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ മന്ത്രവാദ ചികിത്സമൂലം സിറ്റിയിലും പരിസര പ്രദേശങ്ങളിലും നടന്നതായി പറയുന്ന മരണങ്ങളുടെ സത്യാവസ്ഥ പുറത്ത് വരണം. മരണങ്ങൾ ഉണ്ടായി എന്ന് പോലീസിൽ പരാതി വന്നതും അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞിരുന്നു. സിറ്റിയിലെ പല കുടുംബങ്ങളിലും ഈ അന്ധവിശ്വാസത്തിന് സ്വാധീനം കിട്ടിയിട്ടുണ്ട്. അവർക്ക് ശരിയായ കൗൺസലിംഗ് നൽകാനും വൈദ്യസഹായം തേടാൻ സന്നദ്ധമാകാത്ത രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും നടപടിയുണ്ടാകണം. ഈ മൂഢവിശ്വാസം പ്രചരിപ്പിക്കുന്നതിൽ ഏതെങ്കിലും ബാഹ്യശക്തികളോ കൾട്ടുകളോ ഉണ്ടായെന്നും അന്വേഷിക്കണം. ഒപ്പം മതത്തിന്റെ ലേബലിലായാലും അല്ലെങ്കിലും എല്ലാവിധ വ്യാജൻമാർക്കും തട്ടിപ്പുകാർക്കും ഓൺലൈൻ തട്ടിപ്പുകാർക്കും വളക്കൂറുള്ള മണ്ണായി കേരളമെങ്ങിനെ മാറിയെന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു.
സിറ്റി സ്നേഹതീരം കൂട്ടായ്മ ഭാരവാഹികളായ മുഹമ്മദ് യൂനുസ്, അഷറഫ് പൂച്ചാടിയൻ, ഹനീഫ കുരിക്കളകത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.