പൗരന്മാരുടെ സാമ്പത്തിക-സാമൂഹിക ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടുതന്നെ മഹാമാരിയുടെ കാലത്തും സൗദി അറേബ്യ കൈവരിച്ച സാമ്പത്തിക കുതിപ്പ് ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. എണ്ണ വരുമാനം കൂടിയതും പൊതുചെലവ് 8 ശതമാനം കുറച്ചതുമാണ് ഈ വലിയ നേട്ടത്തിന് കാരണം. ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ സൗദി കൈവരിച്ച നേട്ടം പ്രതീക്ഷിത ബജറ്റ് കമ്മി ഗണ്യമായി കുറക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കൊറോണ വൈറസ് മഹാമാരിയുടെ പ്രതികൂല ഫലങ്ങളിൽനിന്ന് സൗദി സമ്പദ്വ്യവസ്ഥ അതിവേഗം കരകയറിയത് വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് സമ്മേളനത്തിൽ നടന്ന പാനൽ ചർച്ചകളിൽ പല പ്രതിനിധികളും ഈ വലിയ നേട്ടത്തെ ഉയർത്തിക്കാണിക്കുകയുണ്ടായി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ അസൂയാർഹമായ നേട്ടം കൈവരിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്. കോവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി തടഞ്ഞുനിർത്തിയത് രാജ്യം സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ നിലവാരം വ്യക്തമാക്കുന്നതായിരുന്നു. അതിവേഗ വാക്‌സിനേഷനും പൂർണമായും സൗജന്യമായ കോവിഡ് ചികിത്സയും ഏർപ്പെടുത്തിയാണ് ഈ നേട്ടം രാജ്യം കൈവരിച്ചത്. ഇതോടൊപ്പം സാമ്പത്തിക രംഗം തളർന്നുപോകാതിരിക്കാനുള്ള ഊർജിതമായ ശ്രമങ്ങളുമുണ്ടായി.
ഈ വർഷം രണ്ടാം പാദത്തിൽ രാജ്യം 1.8 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദ സാമ്പത്തിക ഫലങ്ങളും കരകയറലിന്റെ നല്ല സൂചനകൾ കാണിച്ചു. മൂന്നാം പാദത്തിൽ മൊത്തം വരുമാനം 243.3 ബില്യൺ റിയാൽ (64.8 ബില്യൺ ഡോളർ), മൊത്തം ചെലവുകൾ 236.6 ബില്യൺ റിയാൽ. 2019 ന് ശേഷം ആദ്യമായി 6.6 ബില്യൺ മിച്ചം രേഖപ്പെടുത്തി.
ഈ വർഷം സെപ്റ്റംബറിൽ ബ്രെന്റ് ക്രൂഡ് ഓയിൽ സ്പോട്ട് വില ബാരലിന് ശരാശരി 74 ഡോളറും ഒക്ടോബറിൽ ബാരലിന് 80 ഡോളറും ആയിരുന്നു. മൂന്നാം പാദത്തിലും എണ്ണ വില കുതിപ്പ് തുടർന്നു. മുകളിലേക്കുള്ള ഈ ആക്കം രണ്ട് വർഷത്തിനിടെ രാജ്യത്തിന്റെ ആദ്യത്തെ ത്രൈമാസ മിച്ചത്തിന് കാരണമായി. കൂടാതെ, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും അതിലെ സഖ്യകക്ഷികളുടെ ഗ്രൂപ്പിംഗും തമ്മിലുള്ള അടുത്ത ഏകോപനം എണ്ണ വില ആരോഗ്യകരമായ തലത്തിൽ പിടിച്ചുനിർത്താനും സഹായിച്ചു.
മൂന്നാം പാദത്തിലെ ബജറ്റ് മിച്ചത്തിലേക്ക് എണ്ണ വരുമാനം നൽകിയ സംഭാവനക്ക് പുറമെ, എണ്ണ ഇതര വരുമാനവും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 299.5 ബില്യൺ റിയാൽ വർധിച്ചു. ഒമ്പത് മാസത്തിനുള്ളിൽ 33 ശതമാനം വർധന രേഖപ്പെടുത്തിയാണ് ബജറ്റ് മിച്ചത്തിന് ഗണ്യമായ സംഭാവന നൽകിയത്. പൊതുചെലവുകൾ നിയന്ത്രിക്കുന്നതും ബജറ്റ് മിച്ചത്തിലേക്ക് നയിച്ചു, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തെ മൂന്നാം പാദത്തിൽ പൊതുചെലവ് 8 ശതമാനം കുറഞ്ഞ് 236.6 ബില്യൺ റിയാൽ ആയി.
വ്യത്യസ്തമായ ഒരു സാമ്പത്തിക സംവിധാനത്തിലൂടെ 2030 ഓടെ ലോകത്തെ ഏറ്റവും വലിയ 15 സമ്പദ്വ്യവസ്ഥകളുടെ കൂട്ടത്തിൽ ഇടംപിടിക്കാനുള്ള സൗദി ധനകാര്യ മന്ത്രാലയത്തിന്റെ ദർശനവുമായി ഇത്തരം അഭിലഷണീയമായ സാമ്പത്തിക നേട്ടങ്ങൾ കൈകോർക്കുന്നു എന്നത് സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. സാമ്പത്തിക സ്രോതസ്സുകളുടെ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ സാമ്പത്തിക നയങ്ങൾ വികസിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളർച്ചയുടെ സ്ഥിരത, സാമ്പത്തിക സുസ്ഥിരത, ചെലവ് കാര്യക്ഷമത വർധിപ്പിക്കൽ എന്നിവ നേടാനാകും. ഫലപ്രദമായ ഭരണം നടപ്പാക്കുന്നതിലൂടെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യാം.
സാമ്പത്തികമായി അഭിലഷണീയമായ ഈ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നിട്ടും സൗദി പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങളും സാമ്പത്തിക വികസനത്തിന്റെ ആവശ്യകതകളും സർക്കാർ തൃപ്തികരമായി അഭിസംബോധന ചെയ്യുന്നുണ്ട്. ഉദാഹരണമായി, ആരോഗ്യ-സാമൂഹിക നേട്ടങ്ങൾക്കായി ഈ വർഷത്തെ ഒമ്പത് മാസത്തെ യഥാർഥ സഞ്ചിത ചെലവുകൾ 54.1 ബില്യൺ റിയാൽ ആണ്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം വർധന കാണിക്കുന്നു. ഈ സാമ്പത്തിക വർഷത്തെ ബജറ്റ് ധനക്കമ്മി 140.9 ബില്യൺ റിയാൽ ആയി കണക്കാക്കിയിരിക്കേ, മൂന്നാം പാദത്തിൽ കൈവരിച്ച ബജറ്റ് മിച്ചം ആദ്യ മൂന്ന് പാദങ്ങളിലെ ആകെ ധനക്കമ്മി ഗണ്യമായി കുറച്ചിരിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്. അതായത് പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ ധനക്കമ്മി മാത്രമേ ഇക്കൊല്ലമുണ്ടാകൂ എന്ന് ചുരുക്കം.
യെമനിൽ ഹൂത്തികൾക്കെതിരായ പോരാട്ടം നയിക്കുന്നതിനൊപ്പം യെമനിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നടത്തുന്ന വൻതോതിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കോടിക്കണക്കിന് റിയാലാണ് സൗദി അറേബ്യ ചെലവഴിച്ചിരിക്കുന്നത്. ഈയിടെ പാക്കിസ്ഥാന് നൽകിയ സാമ്പത്തിക സഹായമടക്കം വിവിധ മേഖലകളിൽ വലിയ തോതിൽ രാജ്യം ചെലവഴിക്കുകയും ചെയ്തു. എങ്കിലും രാജ്യത്തിന്റെ വിദേക നിക്ഷേപം വർധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്.
സൗദി ഓഹരി വിപണി ഈ വർഷം കൈവരിച്ച നേട്ടം ഈ മികച്ച സാമ്പത്തിക പ്രകടനത്തിന്റെ കൂടി ഫലമാണ്. സൗദി ഓഹരി സൂചിക ഈ വർഷം 34.7 ശതമാനം ഉയർന്നതായാണ് കണക്ക്. കഴിഞ്ഞ വർഷം മാർച്ച് മുതൽ സൗദി ഓഹരി സൂചിക തുടർച്ചയായി ഉയർച്ചയുടെ ദിശയിലാണ്. 2006 ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന പോയന്റ് സൗദി ഓഹരി സൂചിക രജിസ്റ്റർ ചെയ്തു. പതിനഞ്ചിലേറെ വർഷത്തിനു ശേഷമാണ് സൂചിക ഈ നേട്ടം കൈവരിക്കുന്നത്.
പല കമ്പനികളുടെയും ഓഹരികൾ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലേക്ക് കയറി. അൽറാജ്ഹി ബാങ്ക്, എസ്.ടി.സി, അൽതഅ്മീർ ഓഹരികൾ 2006 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഈ വർഷം കഴിഞ്ഞ പത്തു മാസത്തിനിടെയും സൗദി ഓഹരി വിപണി വളർച്ച തുടർന്നു. 2004 നു ശേഷം ആദ്യമായാണ് ഓഹരി വിപണി തുടർച്ചയായി പത്തു മാസം വളർച്ച കൈവരിക്കുന്നത്. ഒക്‌ടോബറിൽ ഓഹരി സൂചിക 1.8 ശതമാനം തോതിൽ ഉയർന്നിരുന്നു.
ബജറ്റ് മിച്ചം കൈവരിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ടെങ്കിലും ചുരുങ്ങിയ കാലയളവിൽ സാമ്പത്തിക സുസ്ഥിരത നിലനിർത്തുക, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക തുടങ്ങിയ നിരവധി വെല്ലുവിളികൾ ഇനിയും മുന്നിലുണ്ട്. സൗദി വിഷൻ 2030 നിശ്ചയിച്ച ലക്ഷ്യത്തിലെത്താൻ എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അധിക സർക്കാർ ശ്രമങ്ങൾ ആവശ്യമാണ്. എണ്ണ ഇതര ജി.ഡി.പി 16 ശതമാനത്തിൽനിന്ന് 50 ശതമാനമെങ്കിലും എത്തണം. സർക്കാർ അതിന്റെ കരുതൽ ആസ്തികൾ വർധിപ്പിക്കാനും കടമെടുക്കൽ കുറയ്ക്കാനും ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.