കരുവാരകുണ്ട്-കരുവാരക്കുണ്ട് കുണ്ടോട, അല്‍ഫോന്‍സ്ഗിരി മേഖലയില്‍ കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് തെരിച്ചില്‍ നടത്തിയെങ്കിലും പൊടിപോലും കണ്ടെത്താനായില്ല. ഡ്രോണ്‍ കാമറയുടെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയത്. ഒടുവില്‍ നാട്ടുകാരുടെ ആവശ്യം മാനിച്ച് ഒരു കെണി കൂടി സ്ഥാപിച്ചിരിക്കുകയാണ്.
ഞായറാഴ്ച മുതല്‍ കുണ്ടോട, അല്‍ഫോന്‍സ് ഗിരി എന്നിവടങ്ങളില്‍ കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ബുധനാഴ്ച രാത്രി മേയാന്‍ വിട്ട അഞ്ചു ആടുകളെ കാണാതായതാണ് ഒടുവിലത്തെ സംഭവം. കൂടുതല്‍ ജനവാസ മേഖലയായ ഇവിടെ പോലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി. തുടര്‍ന്നു നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ടി. പ്രവീണ്‍, സൈലന്റ്‌വാലി ഡെപ്യൂട്ടി റേഞ്ചര്‍ മുഹമ്മദ് ഹാഷിം, കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.വിനു, കരുവാരക്കുണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് പറയറ്റ എന്നിവരടങ്ങുന്ന സംഘം ഡ്രോണ്‍ കാമയുടെ സഹായത്തോടെ വ്യാഴാഴ്ച രാവിലെ മുതല്‍ പരിശോധന നടത്തി.
ഇടക്കാടുകളിലേക്കു പടക്കമെറിഞ്ഞ് ശബ്ദമുണ്ടാക്കിയെങ്കിലും, കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേ സമയം ചേരി അല്‍ഫോന്‍സ് ഗിരിയില്‍ നിന്നു കാണാതായ അഞ്ചു ആടുകളില്‍ ഒന്നിന്റെ അവശിഷ്ടം ഉച്ചയോടെ കണ്ടെത്തി.
പിന്നീട് നാട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരം ബുധനാഴ്ച സ്ഥാപിച്ച കെണി ആടിനെ പിടികൂടിയ പറമ്പിലേക്ക് മാറ്റുകയും ഞായറാഴ്ച പന്നിയുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് മറ്റൊരു കെണി സ്ഥാപിക്കുകയും ചെയ്തു. ഒന്നില്‍ ജീവനുള്ള ആടിനെയും മറ്റൊന്നില്‍ കടുവ വകവരുത്തിയ ആടിനെയുമാണ് ഇരയായി വച്ചിട്ടുള്ളത്.
അതേ സമയം ദിവസങ്ങളായി തുടരുന്ന ഭീതിയകറ്റാന്‍ ശാശ്വതമായ നടപടിയില്ലാത്തത് വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധത്തിനു കാരണമാവുകയാണ്. കുണ്ടോടയില്‍ കടുവാ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമീപ പ്രദേശത്തെ ബറോഡ വെള്ളച്ചാട്ടം കാണുന്നതിനു സഞ്ചാരികള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാന്‍ പോകുന്ന ഭാഗത്തെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. ഒഴിവുദിവസങ്ങളില്‍ വെള്ളച്ചാട്ടം കാണാന്‍ നിരവധി സന്ദര്‍ശകരാണ് ഇതുവഴി പോകുന്നത്. ഇതിലൂടെ പോകുന്നത് അപകടമായതിനാലാണ് ഇതുവഴിയുള്ള സഞ്ചാരം അധികൃതര്‍ വിലക്കിയത്.