Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഈ ആഴ്ചത്തെ വിനോദപരിപാടികള്‍

റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിന വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ടെക് സോണ്‍- ജിദ്ദയിലെ റെഡ് സീ മാളില്‍ ഈ മാസം 29 വരെയാണ് പരിപാടി നടക്കുന്നത്. മികച്ച ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിനോദത്തിന്റെ പുതിയ ലോകമാണ് ഇവിടെ തുറക്കുന്നത്. സമുദ്ര ലോകം, വനാന്തരങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വെര്‍ച്വല്‍ ലോകത്തിലൂടെയുള്ള സഞ്ചാരമാണ് ഇവിടെയുള്ളത്.

മദീനയിലെ ദിനോസര്‍ പാര്‍ക്ക്- ഇതാദ്യമായാണ് മദീനയില്‍ ഇത്ര ആകര്‍ഷകമായ വിനോദ, സാംസ്‌കാരിക പാര്‍ക്ക് വരുന്നത്. സന്ദര്‍ശകര്‍ക്ക് ദിനോസറുകളുടെ യുഗത്തിന്റെ അനുഭവം സമ്മാനിക്കുന്ന പരിപാടിയില്‍ സൂക്ഷ്മമായ വിശദാംശങ്ങളും വ്യതിരിക്തമായ അലങ്കാരങ്ങളും ഏറ്റവും ശ്രദ്ധയോടെ രൂപകല്‍പന ചെയ്തിട്ടുണ്ട്. നവംബര്‍ 24 നാണ് പരിപാടി സമാപിക്കുന്നത്.

റിയാദിലെ കാര്‍ സിനിമ- സ്വന്തം കാറുകളിലിരുന്ന് നിങ്ങളുടെ സ്വന്തം അന്തരീക്ഷത്തില്‍ സിനിമകള്‍ ആസ്വദിക്കാനുള്ള അതുല്യപരിപാടിയാണിത്. പ്രവൃത്തിദിവസങ്ങളില്‍ 6 ഷോകളും വാരാന്ത്യങ്ങളില്‍ 8 ഷോകളും ഉണ്ടായിരിക്കും. രണ്ട് വലിയ സ്‌ക്രീനുകളാണ് ഇതിന് ഒരുക്കിയിരിക്കുന്നത്. ഓരോ സ്‌ക്രീനിലും 90 കാറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. റിയാദ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ഈ ഷോ നവംബര്‍ 6 ന് ശനിയാഴ്ച സമാപിക്കും റിയാദിലെ അല്‍യമാമ യൂണിവേഴ്‌സിറ്റിക്ക് എതിര്‍വശത്തുള്ള അല്‍ഖസീം റോഡിലാണ് ഷോ നടക്കുന്നത്.

അല്‍ഹസ നൈറ്റ്‌സ്- മോട്ടോര്‍ ബൈക്കുകളുടെ പ്രകടനങ്ങള്‍, ഗെയിമുകള്‍, സര്‍ക്കസുകള്‍, ഉല്‍പന്ന പ്രദര്‍ശനങ്ങള്‍ എന്നിവയാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. നവംബര്‍ 11 വരെ കിംഗ് സൗദ് റോഡിലാണ് പരിപാടി.

റിയാദില്‍ ഷൂട്ടിംഗ് പരിശീലന ഗെയിമുകള്‍- ആര്‍ക്കേഡ് ഗെയിമുകള്‍, വേട്ടയാടല്‍, ചലിക്കുന്നതും നിശ്ചലവുമായ ലക്ഷ്യങ്ങളെ ഷൂട്ട് ചെയ്യുന്ന ഗെയിമുകള്‍ തുടങ്ങിയവാണ് ഇവിടെയുള്ളത്. റിയാദ് സീസണിന്റെ ഭാഗമായ ഈ പരിപാടി 2022 ഏപ്രില്‍ വരെ തുടരും.

റിയാദില്‍ ഇന്റര്‍നാഷണല്‍ ടൗണ്‍- നാടോടി, ഗ്രാമീണ ആഘോഷങ്ങള്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഫെസ്റ്റിവല്‍, വേള്‍ഡ് ഓഫ് റോസസ് തുടങ്ങി വിവിധ ലോകോത്തര ഫെസ്റ്റിവലുകള്‍ റിയാദിലെ ഈസ്റ്റേണ്‍ റിംഗ് റോഡിലുള്ള അല്‍അറൂദ് സ്‌ക്വയറില്‍ നവംബര്‍ ഒമ്പത് വരെ നടക്കും.

അസീറിലെ സൗദി പാര്‍ക്ക്- ശഅ്‌ബൈന്‍ റോഡില്‍ അല്‍ഹൈല സ്ട്രീറ്റില്‍ ഇലക്ട്രോണിക് ഗെയിമുകളും മ്യൂസിക്ക് പ്രോഗ്രാമുകളായാണ് സൗദി പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

റിയാദ് ഗെയിം ഫെസ്റ്റിവെല്‍- അടുത്ത പത്ത് ദിവസം കുട്ടികള്‍ക്ക് വേണ്ടിയുള്ള 500 ഓളം ഗെയിമുകളുമായാണ് ഈ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

റിയാദ് സീസണ്‍- ബോളെവാര്‍ഡും കോംബാക്ട് ഫീല്‍ഡും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുന്നു.

Latest News