പനജി- ഉത്തരേന്ത്യൻ ടൂറിസ്റ്റുകളെ നികൃഷ്ടരെന്നു വിശേഷിപ്പിച്ച് ഒരു മന്ത്രി പുലിവാലു പിടിച്ചതിനു തൊട്ടുപിറകെ ടൂറിസ്റ്റുകൾക്കെതിരെ ഭീഷണിയുമായി ടൂറിസം വകുപ്പു മന്ത്രിയും രംഗത്തെത്തി. ഗോവയിലെ സംസ്‌കാരം മാനിക്കാത്ത വിനോദ സഞ്ചാരികളെ ഇവിടെ നിന്നും ആട്ടിയോടിക്കുമെന്ന് ടൂറിസം മന്ത്രി മനോഹർ അജ്‌ഗോങ്കർ പറയുന്ന വീഡിയോ പുറത്തു വന്നു. വെള്ളിയാഴ്ച ഗോവ ഫൂഡ് ആന്റ് കൾചറൽ ഫെസ്്റ്റിവൽ ഉൽഘാടന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. കൃഷി മന്ത്രി വിജയ് സർദേശായി ഉത്തരേന്ത്യൻ ടൂറിസ്റ്റുകളെ അധിക്ഷേപിച്ചതും വെള്ളിയാഴ്ചയായിരുന്നു.
ഗോവയിലെത്തുന്ന ടൂറിസ്റ്റുകൾ ഇവിടുത്തെ സംസ്‌കാരത്തെ മാനിക്കുകയും ഗോവൻ വികാരം ഉൾക്കൊള്ളുകയും വേണം. ഇല്ലെങ്കിൽ അവരെ ഞാൻ ആട്ടിപ്പായിക്കും. ആരെന്തു പറഞ്ഞാലും ശരി. വളരെ വ്യക്തമായി തന്നെയാണ് ഞാനിത് പറയുന്നത്്,' അജ്‌ഗോങ്കർ പറഞ്ഞു. ഗോവയുടെ സംസ്‌കാരം നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. മയക്കു മരുന്ന് വിൽക്കുന്ന ടൂറിസ്റ്റുകളേയും ഹോട്ടലുകളും നമുക്കു വേണ്ടെന്നും അദ്ദേഹം നിശിതമായ ഭാഷയിൽ പറഞ്ഞു.
ഗോവൻ ജനസംഖ്യയുടെ ആറിരട്ടി ടൂറിസ്റ്റുകളാണ് ഇവിടെ എത്തുന്നതെന്നും ഇവർ ഗോവയെ മലിനമാക്കുന്ന നികൃഷ്ടരാണെന്നും മന്ത്രി വിജയ് സർദേശായി പറഞ്ഞ വിവാദം കെട്ടടങ്ങും മുമ്പാണ് ടൂറിസ്റ്റുകളെ ആട്ടിപ്പായിക്കുമെന്ന മറ്റൊരു മന്ത്രിയുടെ പ്രസ്താവന പുറത്തു വരുന്നത്. ഗോവയിലെ പെൺകുട്ടികൾ ബിയർ കുടിച്ചു തുടങ്ങുന്നതിൽ ആശങ്കയുണ്ടെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രി മനോഹർ പരിക്കറിന്റെ പ്രസ്താവനയും സോഷ്യൽ മീഡിയയിൽ വിമർശനത്തിനിടയാക്കിയിരുന്നു.