Sorry, you need to enable JavaScript to visit this website.

ഇന്ധന നികുതി കുറക്കില്ലെന്ന നിലപാടിലുറച്ച് കേരളം

തിരുവനന്തപുരം- കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും, പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ലെന്നും എത്ര തവണയാണ് പെട്രോളിനും ഡീസലിനും കൂട്ടിയത് എന്ന് നിശ്ചയമില്ലാത്ത വിധം കൂട്ടിക്കൊണ്ടിരുന്നവരാണ് ഇപ്പോൾ കുറവുവരുത്തിയിരിക്കുന്നതെന്നും മന്ത്രി പി. രാജീവ്.  പെട്രോളിനും ഡീസലിനും സംസ്ഥാനം നികുതി കുറയ്ക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.  
ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴി കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവർ കുറയ്ക്കുക എന്നതല്ല വേണ്ടതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 

'ഉമ്മൻ ചാണ്ടി കുറച്ചിരുന്നില്ലേ എന്ന് ചിലർ ചോദിക്കും. അതു ശരിയാണ്. മൂന്നു തവണ അദ്ദേഹത്തിന്റെ സർക്കാർ നികുതി കുറച്ചിട്ടുണ്ട്. പക്ഷേ 13 തവണ വർധിപ്പിച്ച ഉമ്മൻ ചാണ്ടിയാണ് മൂന്ന് തവണ നികുതി കുറച്ചത്! എന്നാൽ, ഒരു തവണ പോലും നികുതി വർധിപ്പിക്കാത്ത ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു.
കേന്ദ്രം കുറയ്ക്കുമ്പോൾ മൊത്തം വിലയിൽ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും,' പി. രാജീവ് പറഞ്ഞു.

സംസ്ഥാനത്തിന്റെ നികുതി ഇനിയും കുറയണമെങ്കിലും കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ മതി. അതുതന്നെയാണ് നാടിന്റെ പൊതു ആവശ്യവും. കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.

Latest News