മുംബൈ- മയക്കുമരുന്നിന് അടിമയാണെന്ന് മുദ്രകുത്തി ബൈക്കുള സ്‌റ്റേഷനില്‍നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിട്ടയാള്‍ ദേഷ്യം തീര്‍ക്കാന്‍ രണ്ടു പേരെ കൊലപ്പെടുത്തി. മുംബൈയില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന രണ്ടുപേരെ കൊലപ്പെടുത്തിയ 40 കാരനാണ് ഇക്കാര്യം പറഞ്ഞതെന്ന് സിറ്റി പോലീസ് പറഞ്ഞു.
ജെജെ മാര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബൈക്കുളയിലാണ് 40 കാരനായ സുരേഷ് ശങ്കര്‍ ഗൗഡ 15 മിനിറ്റ് വ്യത്യാസത്തില്‍ രണ്ടുപേരെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. മനോരോഗിയെന്നാണ് കൊലയാളിയെ പോലീസ് ആദ്യം വിശേഷിപ്പിച്ചിരുന്നത്.
രണ്ട് കൊലപാതകങ്ങളുടെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ജെജെ മാര്‍ഗില്‍ നിന്ന് കണ്ടെടുത്ത ഒരു ഫൂട്ടേജില്‍ ഗൗഡ തിരക്കേറിയ ഫുട്പാത്തിലൂടെ നടക്കുന്നതും ഉറങ്ങുന്ന ഒരാള്‍ക്ക് സമീപം നില്‍ക്കുന്നതും കാണാം. തുടര്‍ന്ന് പ്രതി ഭാരമേറിയ കല്ലെടുത്ത് തലക്കടിക്കുകയായിരുന്നു.
ബൈക്കുള ഫ്രൂട്ട് മാര്‍ക്കറ്റിന് പുറത്ത് നടപ്പാതയില്‍ താമസിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതി 40 കാരനായ സുരേഷ് ശങ്കര്‍ ഗൗഡയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ജെ ജെ മാര്‍ഗ് പോലീസ് സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അബദ്ധത്തില്‍ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ കയറിയപ്പോള്‍ സഹയാത്രികരുമായി വാക്ക് തര്‍ക്കമുണ്ടായെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സഹയാത്രക്കാര്‍ തന്നെ അധിക്ഷേപിക്കുകയും മയക്കുമരുന്നിന് അടിമയാണെന്ന് വിളിക്കുകയും ബൈക്കുള സ്‌റ്റേഷനില്‍ ഇറക്കിവിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പ്രതി പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന രണ്ടുപേരെ കൊലപ്പെടുത്തിയതിലൂടെയാണ് തന്റെ ദേഷ്യം തീര്‍ത്തതെന്ന് പ്രതി പറഞ്ഞു.






